കയാക്കിങ്ങ് ബോട്ടുകളുടെ മത്സരക്കുതിപ്പുമായി രണ്ടാം ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്; ബേപ്പൂരിന്റെ ജലോത്സവം ഡിസംബര്‍ ഇരുപത്തിനാലിന് തുടങ്ങും


ബേപ്പൂര്‍: ജലോത്സവത്തിന്റെ മാസ്മരിക നാളുകളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് കയാക്കിങിന്റെ മാന്ത്രിക കാഴ്ചകളും മത്സരങ്ങളും ആസ്വദിക്കാം. ബേപ്പൂരിന്റെ ഓളപ്പരപ്പില്‍ കുതിച്ച് പായുന്ന കയാക്കിങ്ങ് ബോട്ടുകള്‍ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് കൂടുതല്‍ മിഴിവേകും.

സിറ്റ് ഓണ്‍ ടോപ് കയാക്കിങ്, കടൽ കയാക്കിങ്, സ്റ്റാന്റ് അപ് പെഡലിംഗ് വിഭാഗങ്ങളിലാണ് രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി മത്സരം നടക്കുക. സിംഗിൾ, ഡബിൾ എന്നിങ്ങനെ വനിതാ പുരുഷ വിഭാഗങ്ങളിൽ മത്സരം നടക്കും. രാജ്യത്തിന് അകത്തും പുറത്തുനിന്നും നിരവധി മത്സരാർത്ഥികൾ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബർ ഇരുപത്തിനാല് മുതൽ ഇരുപത്തിയെട്ട് വരെ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ ജലവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങളും പരിപാടികളും അരങ്ങേറും. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കൾച്ചറൽ പരിപാടികളും വൈകുന്നേരങ്ങളെ ആസ്വാദ്യമാക്കും. ആർമി,നേവി,കോസ്റ്റ് ഗാർഡ് സംഘങ്ങൾ പ്രത്യേക സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി പ്രദേശം സന്ദർശിച്ചു.