‘കടുവയെ ഞാന്‍ അവിടെ കണ്ടിരുന്നു’, പെരുവണ്ണാമൂഴിയില്‍ കടുവയെ കണ്ടെന്ന് റബ്ബര്‍ ടാപ്പിങ് തൊഴിലാളി; ആശങ്കയോടെ നാട്, പരിശോധന തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍
പെരുവണ്ണാമൂഴി: ടാപ്പിങ് തൊഴിലാളികള്‍ പെരുവണ്ണാമൂഴിയില്‍ കടുവയെ കണ്ടതായി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന ശക്തമാക്കി ഫോറസ്റ്റ് അധീകൃതര്‍. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട വട്ടക്കയം, എളങ്കാട് മേഖലയിലാണ് കടുവയെ കണ്ടതായി തൊഴിലാളികള്‍ പറഞ്ഞത്.
പുലര്‍ച്ചെ നാലരയോടെ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് കടുവയെ കണ്ടത്. കടുവ കൃഷിഭൂമിയിലേക്ക് ഓടുന്നത് കണ്ടെന്നാണ് തൊഴിലാളികളുടെ മൊഴി. ഇതിനുശേഷം കൃഷിയിടങ്ങളില്‍ ചിലര്‍ കണ്ടതായിട്ടും പറയുന്നുണ്ട്. കടുവയുടേതിന് സമാനമായ കാല്‍പാടുകളും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
കടുവയിറങ്ങിയതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ചെറുപുഴ മേഖലയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെറുപുഴയുടെ ഒരു ഭാഗത്ത് വനമേഖലയും മറുവശത്ത് ജനവാസ മേഖലയുമാണ്. തൊളിലാളികള്‍ കണ്ടത് കടുവയാണെങ്കില്‍ അത് വനമേഖലയില്‍ നിന്ന് ഇറങ്ങിയതാവാനാണ് കൂടുതല്‍ സാധ്യതയുള്ളത്.
അതേസമയം തിരച്ചിലില്‍ കടുവയുടെ സാന്നിധ്യം ഉണ്ടായതായുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസര്‍ ബൈജു നന്ദു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പരിശോധന തുടരുകയാണെന്നും കടുവയുടെ സാന്നിധ്യം ഉള്ളതായി എന്തെങ്കിലും സൂചന ലഭിച്ചാല്‍ തുടര്‍ നടപടികളിലേക്ക് നീങ്ങുംമെന്നും അല്ലാത്തപക്ഷം ഫോറസ്റ്റിന്റെ നൈറ്റ് പട്രോളിങ് ഉള്‍പ്പെടെ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
summary: the search for the tiger continues in peruvannamuzhi