പ്രതികൂല കാലാവസ്ഥ; വിലങ്ങാട് ഉരുൾപ്പൊട്ടലിൽ കാണാതായ മാത്യുവിനായുള്ള തെരച്ചിൽ നിർത്തി


;

വടകര: വിലങ്ങാട് മഞ്ഞക്കുന്ന് ഭാഗത്തുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ കാണാതായ മാത്യുവിനായുള്ള തെരച്ചിൽ നിർത്തി. രാത്രി കാലാവസ്ഥ പ്രതികൂലമായതോടെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. രാവിലെ വീണ്ടും തുടരും. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇദ്ദേഹം, ഉരുള്‍പൊട്ടലില്‍ പെടുകയായിരുന്നു. ഇദ്ദേഹത്തിനായി എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ തെരച്ചില്‍ നടത്തി.

ഇന്ന് പുലർച്ചെയുണ്ടായ വലിയ ശബ്ദം കേട്ടാണ് കാര്യം തിരക്കാൻ മാത്യു വീടിന് പുറത്തേക്ക് ഇറങ്ങിയത്. ഉരുൾപൊട്ടിയതാണെന്ന് മനസിലായപ്പോൾ നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.തുടർന്ന് സമീപത്തെ കടയിൽ കയറി നിന്നു. പൊടുന്നനെ രണ്ടാമത്തെ ഉരുൾപൊട്ടി മലവെള്ളപാച്ചിലുണ്ടായി. ഇതിൽപെട്ടാണ് മാത്യുവിനെ കാണാതാവുന്നത്.