‘സ്‌കൂള്‍ ബസ് വാടകക്ക് എടുത്തത് നിയമ പ്രശ്‌നമുണ്ടെങ്കില്‍ പരിശോധിക്കും’; പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചതില്‍ വിശദീകരണവുമായി എം.വി.ഗോവിന്ദന്‍


പേരാമ്പ്ര: പേരാമ്പ്രയില്‍ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥക്ക് സ്‌കൂള്‍ ബസ് ഉപയോഗിച്ചതില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സ്വകാര്യ വ്യക്തി സ്‌കൂള്‍ മാനേജ്‌മെന്റിന് വാടകയ്ക്ക് കൊടുത്ത ബസാണ് ഉപയോഗിച്ചതെന്നും ബസ് ഉപയോഗിച്ചതിന് വാടക നല്‍കിയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. നിയമ പ്രശ്നമുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസമാണ് എം.വി ഗോവിന്ദന്‍ നയിക്കുന്ന സി.പി.എം പ്രതിരോധ ജാഥക്ക് സ്‌കൂള്‍ ബസ്സില്‍ ആളുകളെ എത്തിച്ചത്.

പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസ്സാണ് ജാഥയ്ക്കായി ഉപയോഗിച്ചത്. ചട്ടവിരുദ്ധമായി ബസ് ഉപയോഗിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിഡിഇക്ക് പരാതി നല്‍കിയിരുന്നു. സിപിഎം പരിപാടിക്ക് സ്‌കൂള്‍ ബസ് ഉപയോഗിച്ചതില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചിരുന്നു.

എന്നാല്‍, പേരാമ്പ്ര പ്ലാന്റേഷന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ പേരില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസ് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ളതല്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പറഞ്ഞിരുന്നു. ബസിനു വാടക നല്‍കിയാണ് സിപിഎം പാര്‍ട്ടി പരിപാടിക്ക് സര്‍വീസ് നടത്തിയത്. ജനകീയ കമ്മിറ്റി വാടകയ്ക്ക് എടുത്ത സ്വകാര്യ വ്യക്തിയുടെ ബസാണ് സ്‌കൂളിനു വേണ്ടി ഇപ്പോള്‍ ഓടുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോയ ശേഷം ഈ ബസ് വാടകയ്ക്ക് ഓടുന്നുണ്ടെന്നും പ്രസിഡന്റ് അറിയിച്ചിരുന്നു.