കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കയർപൊട്ടി കിണറിൽ വീണു; തൊഴിലാളിയെ സുരക്ഷിതമായി പുറത്തെത്തിച്ച് നാദാപുരം ഫയർഫോഴ്സ്
നാദാപുരം: കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ റോപ്പ് പൊട്ടി കിണറിൽ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി. കൊയമ്പ്ര താഴെ കുനി ഗണേശന് ആണ് കിണറിൽ വീണ് പരിക്കേറ്റത്. വെളളൂർ ദാമോദരൻ കോരിച്ചിക്കാട്ടിൽ എന്നയാളുടെ വീടിനോട് ചേർന്ന കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. നാദാപുരം ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തൊഴിലാളിയെ സുരക്ഷിതമായി കിണറിൽ നിന്നും പുറത്ത് എത്തിച്ചത്.
കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെയാണ് റോപ്പ് പൊട്ടി തൊഴിലാളി കിണറിലേക്ക് വീണത്. തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ശ്രീ വരുൺ എസ് ൻ്റെ നേതൃത്വത്തിൽ എത്തിയ സേന പരിക്ക് പറ്റി കിടക്കുകയായിരുന്ന കിണർ തൊഴിലാളിയെ ഉടൻ തന്നെ റോപ്പ്, സേഫ്റ്റി ബെൽറ്റ്, സ്ട്രെക്ച്ചർ, എന്നിവ യുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു.
വീഴ്ചയിൽ നട്ടെല്ലിന് പരിക്ക് പറ്റി എന്ന് സംശയം ഉള്ളതുകൊണ്ട് സ്ട്രക്ചർ നോട്ട് ഉപയോഗിച്ച് കൂടുതൽ പരിക്കുകൾ ഇല്ലാതെ സുരക്ഷിതമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. സേനയിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അനൂപ് കെ കെ, വൈഷണവ്ജിത്ത് ടി കെ എന്നിവർ കിണറ്റിലിറങ്ങി മറ്റു സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് കിണറിൽ നിന്ന് പുറത്തെത്തിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രക്ഷാപ്രവർത്തനത്തിൽ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ എസ് സുജാത്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ലിനീഷ് കുമാർ കെ എം, ഷാംജിത്ത് കുമാർ കെ പി, അജേഷ് ഡി, ഷാഗിൽ കെ എന്നിവർ പങ്കാളികളായി.