ജല ജീവൻ പദ്ധതിയുടെ പൈപ്പിടലിനെ തുടർന്ന് റോഡ് ചളി കുളമായി; അരിക്കുളത്ത് യാത്രക്കാർ ദുരിതത്തിൽ
അരിക്കുളം: അരിക്കുളം പഞ്ചായത്തിൽ ജല ജീവൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി മഴക്കാലത്ത് നടക്കുന്നത് കാരണം പ്രദേശവാസികൾ ദുരിതത്തിൽ. ജല ജീവൻ പദ്ധതിയുടെ പ്രവൃത്തി നടക്കുന്നതിനാൽ പഞ്ചായത്തിലെ ചെറുകിട റോഡുകൾ പൂർണ്ണമായും തകർന്ന് ചളികുളമായ അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. പല ഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റത്ത സാഹചര്യമാണെന്നും ഇതുകാരണം രോഗികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ എത്തിക്കാൻ കടുത്ത പ്രയാസമാണ് നേരിടുന്നതെന്നും നാട്ടുകാർ പറയുന്നു.
പെെപ്പിടുന്നതിന്റെ ഭാഗമായി കുഴിയെടുത്തപ്പോൾ നീക്കിയ മണ്ണ് മഴവെള്ളത്തോടൊപ്പം റോഡിലിക്ക് ഒലിച്ചിറങ്ങുകയാണ്. ഇരുചക്ര വാങ്ങനങ്ങൾ റോഡിലെ ചെളിയിൽ തെറ്റി അപകടത്തിൽ പെടുന്നതും പതിവ് കാഴ്ചയാണ്. പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ നടത്തി പരിഹാരം ഉണ്ടാക്കണമെന്ന് രാജിവ് ഗാന്ധി ഫൗണ്ടേഷൻ അരിക്കുളം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ടി രാരു കുട്ടി അദ്ധ്യക്ഷത വഹിച്ചു. എസ് മുരളിധരൻ, ശ്രീധരൻ കണ്ണമ്പത്ത്, ശ്രീധരൻ കപ്പത്തൂർ, യൂസഫ് കുറ്റിക്കണ്ടി, കെ.കെ ബാലൻ, കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.