വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് പൂട്ടലിന്റെ വക്കില്‍; ഡിസംബറില്‍ തീരുമാനം നടപ്പാക്കാന്‍ തപാല്‍ വകുപ്പിന്റെ നീക്കം


വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ് (റെയിൽവേ മെയിൽ സർവീസ്) കെട്ടിടം പൂട്ടാനൊരുങ്ങുന്നു. ഡിസംബര്‍ ഏഴോടെ തീരുമാനം നടപ്പിലാക്കാനാണ് തപാല്‍ വകുപ്പിന്റെ നീക്കം. ആര്‍.എം.എസ് ഓഫീസ്‌ പൂട്ടിയാല്‍ ഇവിടെ ഇതുവരെ കൈകാര്യം ചെയ്തിരുന്ന രജിസ്‌ട്രേഡ് പോസ്റ്റ് ആര്‍ട്ടിക്കിള്‍, സാധാരണ തപാലുരുപ്പടികള്‍ എന്നിവ എല്‍ 1 ഓഫീസായ കോഴിക്കോട് ആര്‍എംഎസിലേക്ക് ലയിപ്പിക്കും. മാത്രമല്ല ഓഫീസിനെ ആശ്രയിച്ച്‌ ജീവിക്കുന്ന ഇരുപതോളം താല്‍ക്കാലിക ജീവനക്കാരുടെ ജീവിതം ഓഫീസ് പൂട്ടുന്നതോടെ വഴിമുട്ടും.

രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന രജിസ്‌ട്രേജ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് ലയനത്തെ തുടര്‍ന്നാണ് വടകരയിലെ ആര്‍എംഎസ് പൂട്ടാന്‍ ഒരുങ്ങുന്നത്. ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ ആർ.എം.എസ്. കാലിക്കറ്റ് ഡിവിഷൻ സൂപ്രണ്ടിന് അയച്ച കത്തിലാണ് ‘അമൃത് ഭാരത്’ പദ്ധതിപ്രകാരം നവീകരണം നടക്കുന്നതിനാൽ റെയിൽവേയുടെ സ്ഥലത്തുള്ള ആർ.എം.എസ് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്. ആർ.എം.എസ് വിഭാഗം മാറ്റി സ്ഥാപിക്കുന്നതിന് റെയിൽവേ ഡിവിഷണൽ എൻജിനിയർക്ക് പകരം സ്ഥലമാവശ്യപ്പെട്ട് കത്തയച്ചെങ്കിലും റെയിൽവേ ഇത് നിരസിക്കുകയായിരുന്നു. അമൃത് ഭാരത് പദ്ധതിപ്രകാരം വലിയ വികസനം നടക്കുന്ന വടകര സ്റ്റേഷനിലെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്താണ് ആർ.എം.എസ് ഓഫീസുള്ളതെന്നും എത്രയും പെട്ടെന്ന് ഇത് ഒഴിയണമെന്നുമാണ് നിർദേശം. ഓഫീസ് മാറ്റി സ്ഥാപിക്കാൻ യോജിച്ച കെട്ടിടം റെയിൽവേ സ്റ്റേഷനിലില്ല.

വടകര, കുറ്റ്യാടി, മാഹി, കൊയിലാണ്ടി, പേരാമ്പ്ര തുടങ്ങിയ മണ്ഡലങ്ങളിലേക്കുള്ള തപാല്‍ ഉരുപ്പടികളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. ജില്ലയിലെ മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമൂഴി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നത് വടകരയിലെ ഈ ഓഫീസിലൂടെയാണ്. ഇരുപതോളം ആര്‍എംഎസ് ഓഫീസുകളില്‍ നിന്ന് നാല് മെയില്‍ വാനുകളിലായി 20,000 മുതല്‍ 25,000വരെ സാധാരണ ഉരുപ്പടികളും 2500 രജിസ്‌ട്രേഡ് കത്തുകളും നൂറുകണക്കിന് സ്പീഡ് പാര്‍സല്‍ ബാഗുകളും ഇവിടെ നിത്യവും എത്തുന്നുണ്ട്‌. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ആര്‍എംഎസ് ഓഫീസ് ഒഴിപ്പിക്കാനുള്ള റെയില്‍വേയുടെ നീക്കത്തിനെതിരെ ഇതിനോടകം വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായിരിക്കുന്നത്.

Description: The RMS building in the railway station premises is about to be closed