നിത്യ ഹരിത ഗാനങ്ങൾ ബാക്കി; ഭാവഗായകൻ പി ജയചന്ദ്രൻ മണ്ണോട് ചേർന്നു, സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ
തൃശ്ശൂർ: നിത്യ ഹരിത ഗാനങ്ങൾ ബാക്കി വച്ച് ഭാവഗായകൻ പി.ജയചന്ദ്രൻ എന്നെന്നേക്കുമായി വിട പറഞ്ഞു. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ പി ജയചന്ദ്രന്റെ മൃതദേഹം സംസ്ക്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം നടന്നത്.
വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാരം നിശ്ചയിച്ചിരുന്നതെങ്കിലും അത്രയും നീട്ടിക്കൊണ്ടു പോകാനാകാത്ത സാഹചര്യമായതിനാൽ നേരത്തേ സംസ്കാരം നടത്തുകയായിരുന്നു. നൂറ് കണക്കിന് പേർ തറവാട്ട് വീട്ടിലും ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് പി ജയചന്ദ്രനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അർബുദ രോഗ ബാധിതനായിരുന്നു.
മലയാള ചലച്ചിത്ര ഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രൻ, ആറുപതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്നു. പ്രണയവയും വിരഹവും ഭക്‌തിയുമൊക്കെ ഭാവപൂർണതയോടെ ആ ശബ്‌ദത്തിൽ തെളിഞ്ഞിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16,000ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.