വാനിലുയര്‍ന്ന് പറന്ന്‌ ചെങ്കൊടി, നിലയ്ക്കാത്ത മുദ്രാവാക്യം വിളി, അഞ്ഞൂറിലേറെ പ്രതിനിധികൾ, ; സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ആവേശത്തുടക്കം


വടകര: സി.പി.ഐ.എം 24-)ാം പാര്‍ട്ടി കോണ്‍ഗ്രസിന്‌ മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് നാരായണനഗരത്തിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ആവേശത്തുടക്കം. മുതിർന്ന ജില്ലാ കമ്മറ്റിയംഗം ടി.പി ദാസൻ പതാക ഉയർത്തിയതോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌. ജില്ലാ സെക്രട്ടറിയേറ്റംഗം എം മെഹബൂബ്‌ താൽക്കാലിക അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റംഗങ്ങളായ മാമ്പറ്റ ശ്രീധരന്‍, കെ.കെ ദിനേശന്‍ എന്നിവര്‍ രക്തസാക്ഷി – അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു.

സ്വാഗതസംഘം ചെയർമാൻ കെ.പി ബിന്ദു സ്വാഗതം പറഞ്ഞു. ഉദ്‌ഘാടനശേഷം ജില്ലാ സെക്രട്ടറി പി.മോഹനൻ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചു. ജനനാട്യവേദിയുടെ സ്വാഗതഗാനത്തോടെയാണ്‌ പ്രതിനിധികളെ വരവേറ്റത്‌. എം മെഹബൂബ്‌ (കൺവീനർ), ടി വിശ്വനാഥൻ, കെ പുഷ്‌പജ, ലിന്റോ ജോസഫ്‌, പി.സി ഷൈജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. 484 പ്രതിനിധികളും 45 ജില്ലാകമ്മറ്റി അംഗങ്ങളും മേൽകമ്മറ്റി അംഗങ്ങളും അടക്കം അഞ്ഞൂറിലേറെ പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്‌.

പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പുഷ്‌പചക്രം സമർപ്പിച്ചു. തുടർന്ന്‌ കേന്ദ്രകമ്മറ്റിയംഗങ്ങളും സംസ്ഥാനസെക്രട്ടറിയേറ്റ്‌ അംഗങ്ങളും പ്രതിനിധികളും അഭിവാദ്യമർപ്പിച്ചു. പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മറ്റിയംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, ടി.എം തോമസ്‌ ഐസക്‌, എ.കെ ബാലൻ, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ടി.പി രാമകൃഷ്‌ണൻ, പി.എ മുഹമ്മദ്‌ റിയാസ്‌, ആനാവൂർ നാഗപ്പൻ, പി.കെ ബിജു, പുത്തലത്ത്‌ ദിനേശൻ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എം.വി ജയരാജൻ, എ പ്രദീപ്‌കുമാർ, കെ.കെ ലതിക എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യാഴാഴ്‌ച സമ്മേളന നഗരിയിലെത്തും. വെള്ളിയാഴ്ച ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട്‌ അഞ്ചു മണിക്ക്‌ ചുവപ്പുസേനാമാർച്ചും ബഹുജനറാലിയും സീതാറാം യെച്ചൂരി നഗറിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.

Description: The representative meeting of the CPIM District Conference has begun