പുതിയ കെട്ടിടത്തില്‍ പഴമയുടെ രുചി; നൊച്ചാട് പഞ്ചായത്തിലെ നവീകരിച്ച ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു


നൊച്ചാട്: പഞ്ചായത്തിലെ നവീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. വെള്ളിയൂര്‍ ടൗണിലാണ് അതിവിപുലമായ സൗകര്യത്തോടെ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. രണ്ടുവര്‍ഷം മുന്നേ മുളിയങ്ങലില്‍ തുടങ്ങിയ ജനകീയ ഹോട്ടലാണ് വെള്ളിയൂരിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്.

നൊച്ചാട് പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷക്കാലത്തോളമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ജനകീയ ഹോട്ടലാണ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്.

ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നൊച്ചാടും ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടെ 20 രൂപയ്ക്കാണ് ചോറ് ലഭ്യമാകുക.

ചടങ്ങില്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു അമ്പാളി, ഗ്രാമ പഞ്ചായത്തംഗം കെ. മധു, കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി ശോണിമ സ്വാഗതവും ഗ്രാമപഞ്ചായത്ത് അസി. സെകട്ടറി കെ. ഷെബീന നന്ദിയും പറഞ്ഞു.