മഴ തുടരുന്നു; ജില്ലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു, വീടുകള്‍ അപകടാവസ്ഥയില്‍, 15 ക്യാമ്പുകളിലായി 196 കുടുംബങ്ങള്‍, ജലനിരപ്പ് 757.5 മീറ്റര്‍ കവിഞ്ഞാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കലക്ടര്‍


കോഴിക്കോട്: കനത്തമഴയില്‍ കക്കയം ഡാമില്‍ ജലനിരപ്പ് 757.5 മീറ്റര്‍ കവിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതായി ജില്ലാകലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. നിലവില്‍ 756.12 മീറ്ററാണ് ജലനിരപ്പ്. അതിനാല്‍ കുറ്റ്യാടി പുഴയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ശക്തമായ മഴയില്‍ ജില്ലയിലെ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. അരിക്കുളം, ഒളവെണ്ണ പഞ്ചായത്തുകളിലാണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് സമീപത്തുള്ള വീടുകള്‍ അപകടാവസ്ഥയിലാണ്. പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളേജിന് സമീപം താമസിക്കുന്ന തേവര്‍കണ്ടി മീത്തല്‍ അജിതകുമാരിയുടെ വീടാണ് അപകടാവസ്ഥയിലായത്. വീടിന് പുറകുവശത്തെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം. അടുക്കളയുടെയും ശുചിമുറിയുടെയും അടിഭാഗത്തെ മണ്ണ് ഭാഗികമായി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. അപകടം നടക്കുമ്പോള്‍ മൂന്നുപേര്‍ വീട്ടിനുള്ളിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. മഴ തുടരുകയാണെങ്കില്‍ മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായും നിലംപതിക്കുമെന്ന ഭീതിയിലാണ് വീട്ടുകാര്‍.

അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊട്ടേരി ഭാ?ഗത്ത് മണ്ണിടിഞ്ഞു വീണു. ഊട്ടേരി കുന്നോട് ചേര്‍ന്ന് കിടക്കുന്ന കിണറുള്ളതില്‍ മീത്തല്‍ ദാമോദരന്റെ വീടിന് സമീപത്തായുള്ള കരിങ്കല്‍ സ്റ്റപ്പിന് മുകളിലെക്ക് മണ്ണിടിഞ്ഞു വിണുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.12 ഓളം കുടുംബങ്ങള്‍ യാത്ര ചെയ്യുന്ന പാതയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടസമയത്ത് ആരും കടന്നു പോവാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. സംഭവ സ്ഥലത്തു നിന്ന് മൂന്ന് മീറ്റര്‍ ദൂരത്തിലാണ് കിണറുള്ളതില്‍ ദാമോദരന്റെ വീട്. അപകട സാധ്യത കടക്കിലെടുത്ത് കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി.

ജില്ലയില്‍ മഴയില്‍ നേരിയ കുറവുണ്ടെങ്കിലും ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടരുകയാണ്. നാല് താലൂക്കുകളിലായി നിലവില്‍ 15 ക്യാമ്പുകളാണുള്ളത്. 196 കുടുംബങ്ങളിലെ 606 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 222 പുരുഷന്മാരും 259 സ്ത്രീകളും 125 കുട്ടികളും ക്യാമ്പുകളിലുണ്ട്. 85 മുതിര്‍ന്ന പൗരന്മാരും രണ്ട് ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു.

കൊയിലാണ്ടി താലൂക്കില്‍ നിലവില്‍ മൂന്ന് ക്യാമ്പുകളാണുള്ളത്. ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് വില്ലേജുകളിലെ 51 കുടുംബങ്ങളില്‍ നിന്നുള്ള 178 പേരാണ് ഇവിടെയുള്ളത്. ഇതില്‍ 61 പുരുഷന്മാരും 72 സ്ത്രീകളും 45 കുട്ടികളും ഉള്‍പ്പെടും. കോഴിക്കോട് താലൂക്കില്‍ രണ്ട് ക്യാമ്പുകളാണുള്ളത്. കച്ചേരിക്കുന്ന് അങ്കണവാടിയിലെ ക്യാമ്പില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുണ്ട്. കുമാരനല്ലൂര്‍ വില്ലേജിലെ ലോലയില്‍ അങ്കണവാടിയിലെ ക്യാമ്പില്‍ മൂന്ന് അംഗങ്ങള്‍ ഉള്ള ഒരു കുടുംബമാണ് താമസിക്കുന്നത്.

വടകര താലൂക്കില്‍ എട്ട് ക്യാമ്പുകളിലായി 143 കുടുംബങ്ങളാണുള്ളത്. 79 കുട്ടികള്‍ ഉള്‍പ്പെടെ 417 പേരാണ് ഇവിടെ താമസിക്കുന്നത്. ഇതില്‍ 160 പുരുഷന്‍മാരും , 178 സ്ത്രീകളും ഉള്‍പ്പെടും. താമരശ്ശേരി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 13 കുടുംബങ്ങളില്‍ നിന്നുള്ള 42 പേരാണുള്ളത്. 12 പുരുഷന്‍മാര്‍, 16 സ്ത്രീകള്‍, 14 കുട്ടികള്‍ എന്നിവര്‍ ക്യാമ്പിലുണ്ട്.

കോഴിക്കോട് ഇന്ന് പരക്കെ മഴ ലഭിച്ചു. കോഴിക്കോട് 13.5 മില്ലിമീറ്റര്‍, കുന്നമംഗലം 8 മില്ലിമീറ്റര്‍, ഉറുമി 31.5 മില്ലിമീറ്റര്‍, വടകര എട്ടു മില്ലിമീറ്റര്‍ എന്നിങ്ങനെയായിരുന്നു മഴ ലഭിച്ചത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ആഗസ്ത് പതിനൊന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജില്ലയിലെ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. വിവരങ്ങള്‍ക്ക് കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം- 0495 2371002. ടോള്‍ഫ്രീ നമ്പര്‍ – 1077.

Summary: The rain continues; Landslides at two places in the district, houses in danger, 196 families in 15 camps, when the water level rises in kakkyam, the dam will be open