മഴ തുടരുന്നു; വിലങ്ങാടിന് സമീപപ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
നാദാപുരം: വിലങ്ങാട് മേഖലയിൽ മഴതുടരുന്ന പശ്ചാത്തലത്തിൽ ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടർന്ന് വിലങ്ങാട് കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി കോളനികളിലെ കുടുംബങ്ങളെ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശം ഒറ്റപ്പെട്ടിരുന്നു. ചില മേഖലകളിലേക്ക് വെള്ളിയാഴ്ചയോടെയാണ് പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിച്ചത്. 25 ലധികം ചെറുതും വലുതുമായ ഉരുള്‍ പൊട്ടലുകളാണ് കോളനികളോടുചേർന്ന് മാത്രമുണ്ടായത്. പ്രദേശത്തുള്ളവരെ പുറം ലോകത്തെത്തിക്കാനുള്ള മുച്ചങ്കയം പാലം ഉരുൾപ്പൊട്ടലിൽ തകർന്നുകിടക്കുകയാണ്.
പാലം തകർന്നതിനാല്‍ പന്നിയേരി, കുറ്റല്ലൂർ, പറക്കാട് കോളനികളും- പാലൂർ മാടാഞ്ചേരി വിലങ്ങാട് മേഖലയുമായുള്ള ബന്ധം ഇല്ലാതായിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകി പാലത്തിനോട് ചേർന്നുള്ള കട പൂർണമായി ഒഴുകിപ്പോയി. അഗ്നിരക്ഷാ സേന ദുരിത ബാധിതരെ ക്യാമ്ബുകളിലേക്ക് മാറ്റുന്നുണ്ട്.
ഈ ഭാഗങ്ങളിലെ കുടുംബങ്ങള്‍ അധികവും കണ്ണൂർ മേഖലയിലേക്കാണ് മാറിയത്. മരത്തടികള്‍ വെച്ചുകെട്ടി താല്‍ക്കാലിക സംവിധാനം നാട്ടുകാർ ഒരുക്കിയാണ് പലരെയും പുഴകടത്തി ദുരിതാശ്വാസ ക്യാമ്ബുകളിലും ബന്ധു വീടുകളിലേക്കും മാറ്റിയത്. വൈദ്യുതി ബന്ധം താറുമാറായിട്ട് മൂന്നുദിവസം പിന്നിട്ടു. വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 900 ത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത്. പുതുതായി വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്ബ് ഒരുക്കിയിട്ടുണ്ട്. ഇന്നലെ വിലങ്ങാട് നിന്ന് 25 കുടുംബങ്ങളെക്കൂടി ഇവിടേക്കുമാറ്റി. പാനോം ക്യാമ്ബില്‍നിന്നുള്ളവരെയും ഈ ക്യാമ്ബിലേക്കു മാറ്റി. ഉരുള്‍ പൊട്ടല്‍ ഭീഷണി നേരിടുന്ന മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവരെ ഇവിടേക്ക് മാറ്റും.