‘ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കുക, വീട് പണി പൂര്‍ത്തീകരിക്കുന്നതു വരെ സുരക്ഷിതമായി താമസിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുക’; കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ആദിവാസി യുവതിയുടെ സമരം ഏഴാം ദിവസവും തുടരുന്നു


കൂരാച്ചുണ്ട്: ലൈഫ് പദ്ധതിയില്‍ ഭൂമിയും വീടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്തോഫീസിന് മുന്നില്‍ ആദിവാസി യുവതിയുടെ കുടികിടപ്പ് സമരം ഏഴാം ദിവസവും തുടരുന്നു. കൂരാച്ചുണ്ട് മൂന്നാം വാര്‍ഡില്‍ ഓട്ടക്കാലത്തു താമസിക്കുന്ന മുണ്ടനോലിവയലില്‍ സരോജിനിയുടെ സമരമാണ് അധികൃതരില്‍ നിന്നും കൃത്യമായ നടപടികള്‍ ലഭ്യമാവാത്തതിനാല്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കുക, വീട് പണി പൂര്‍ത്തീകരിക്കുന്നതു വരെ സുരക്ഷിതമായി താമസിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടു വെയ്ക്കുന്നത്.

ജലസേചന വകുപ്പിന്റെ ഭൂമിയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന സരോജിനി ആറ് വര്‍ഷങ്ങളായി താമസിക്കുന്നത്. ടാര്‍പോളിന്‍ വലിച്ചുകെട്ടിയതാണ് ഷെഡ്. ആദ്യം നിര്‍മിച്ച ഷെഡ് മൂന്നു മാസം മുന്‍പ് കാറ്റില്‍ മരം വീണു തകരുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു താല്‍ക്കാലിക ഷെഡ് ഉണ്ടാക്കിയാണു ഇപ്പോള്‍ താമസിക്കുന്നത്.

സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ വര്‍ഷങ്ങളായി അപേക്ഷ നല്‍കിയെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്ത സരോജിനിയെ ഭവനരഹിത ലിസ്റ്റില്‍ ആണ് ഉള്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് മൂന്ന് മാസം മുമ്പ് ഗ്രാമസഭ യോഗം ഭൂരഹിത ഭവനരഹിത വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് ബോര്‍ഡ് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമാണ് സരോജിനിക്ക് വീട് ലഭ്യമാവുകയുള്ളു. പഞ്ചായത്ത് തുടര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് സരോജിനി ആരോപിക്കുന്നത്.

സരോജിനിക്കു സ്വന്തമായി ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ ഭൂരഹിത, ഭവനരഹിത ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് 2022 ഓഗസ്റ്റ് ഒന്നിന് ചേര്‍ന്ന ഗ്രാമസഭ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സരോജിനി വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കുകയും ചെയ്തിരുന്നു. ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോള്‍ സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്ന മറുപടിയാണ് അവര്‍ നല്‍കിയിരുന്നത്. തുടര്‍ന്ന് കത്തിന്റെ കോപ്പി ആവശ്യപ്പെട്ടപ്പോഴാണ് പഞ്ചായത്ത് ബോര്‍ഡ് ചേര്‍ന്ന് ഗ്രാമസഭയിലെ തീരുമാനം അംഗീകരിച്ച് സര്‍ക്കാരിലേക്ക് അയച്ചിട്ടില്ലെന്ന കാര്യം വ്യക്തമാകുന്നത്. തുടര്‍ന്നാണ് പഞ്ചായത്തോഫീസിന് മുന്നില്‍ സമരം ചെയ്യാന്‍ സരോജിനി തീരുമാനിക്കുന്നതെന്ന് അഡ്വ. സുമിന്‍ എസ്.നെടുങ്ങാടന്‍ പറഞ്ഞു.

അതേസമയം ഭൂരഹിത ഭവന രഹിത പദ്ധതി പ്രകാരം ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തണമെന്ന സരോജനിയുടെ ആവശ്യം ചര്‍ച്ച ചെയ്തുകൊണ്ട് നംവംബര്‍ എട്ടിന് നടന്ന ഭരണ സമിതി യോഗം ഈ ആവശ്യം അംഗീകരിച്ചതായി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളികാരക്കട പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇത് പ്രകാരം നാളെ ലൈഫ് മിഷനിലേക്ക് അപേക്ഷ നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

summary: the protest of the tribal women in front of the panchayath office continues for the seventh day