തിക്കോടിയിലെ അടിപ്പാത അക്ഷൻ കമ്മിറ്റിയുടെ സമരപ്പന്തൽ പൊളിച്ചുനീക്കി; പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ അഞ്ച് സമര നേതാക്കൾ ആശുപത്രിയിൽ
പയ്യോളി: തിക്കോടിയിലെ സംഘർഷത്തിന് പിന്നാലെ അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ സമരപ്പന്തൽ പൊലീസ് നേതൃത്വത്തിൽ പൊളിച്ചുനീക്കി. പൊലീസ് മർദ്ദനത്തെ തുടർന്ന് ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാനടക്കമുള്ള സമരസമിതി പ്രവർത്തകർ ആശുപത്രിയിലാണ്. ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ മനോജ്, കൺവീനർ സുരേഷ്, ട്രഷറർ നാരായണൻ, തിക്കോടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ, സി.പി.എം തിക്കോടി ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ, എന്നിവരാണ് ആശുപത്രിയിലുള്ളത്.
അറസ്റ്റു ചെയ്ത് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവർക്ക് പുറമേ തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, വാർഡ് മെമ്പർമാരായ ഷക്കീല, സന്തോഷ് തിക്കോടി, ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ, ആക്ഷൻ കമ്മിറ്റിയംഗങ്ങളായ റഫീഖ്, ശശി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ടി.വിനോദൻ, മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ തുടങ്ങിയവരും അറസ്റ്റിലായിരുന്നു.
സമരം ആരംഭിക്കുന്നതിന് മുമ്പേ തന്നെ രണ്ട് ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ പയ്യോളി വടകര സർക്കിൾ ഇൻസ്‌പെക്ടർമാരടക്കം സ്ഥലത്ത് നാനൂറോളം പൊലീസുകാരെ തിക്കോടിയിലെ സമരപ്പന്തലിന് സമീപം നിലയുറപ്പിച്ചിരുന്നു. സമരസമിതി പ്രവർത്തകർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മർദ്ദിക്കുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് പ്രവൃത്തി തുടങ്ങാൻ നേരത്ത് പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച സമരസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തതാണ് സംഘർഷത്തിന് വഴിവെച്ചത്.
തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാതെ പ്രദേശത്തെ ദേശീയപാത നിർമ്മാണ പ്രവൃത്തി തുടങ്ങാനുള്ള നീക്കം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞതിനെ തുടർന്നായിരുന്നു പ്രദേശത്ത് സംഘർഷമുടലെടുത്തത്. പ്രവൃത്തി തടയാൻ ശ്രമിച്ച പ്രദേശവാസികളെ പൊലീസ് നേരിടുകയായിരുന്നു. പൊലീസ് മർദ്ദനത്തിൽ സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സമരസമിതി പ്രവർത്തകർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
അതേസമയം ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തി പ്രദേശത്ത് പൊലീസ് സുരക്ഷയിൽ ആരംഭിച്ചിട്ടുണ്ട്. സംഘർഷ സാഹചര്യം തുടരുകയാണ്. [mid5]
Description: The protest camp of the Underpass Action Committee in Thikodi was demolished; Five strike leaders injured in police beating are in hospital [mid6]