ആഭരണപ്രേമികൾക്ക് വീണ്ടും നിരാശ; സ്വർണ വില ഉയർന്നു, ഇങ്ങനെയാണേൽ സ്വർണം 65000 തൊടും
തിരുവനന്തപുരം: ആഭരണപ്രേമികൾക്ക് വീണ്ടും നിരാശ നൽകി സ്വർണവിലയിൽ ഇന്ന് വർധിച്ചു. 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,840 എന്ന നിലയിലെത്തി. ഇനിയും കൂടുകയാണെങ്കിൽ സ്വർണവില വീണ്ടും 65000 തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ന് ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില 560 രൂപ കുറഞ്ഞ് 63,520 രൂപയായിരുന്നു. ഏകദേശം മൂവായിരത്തോളം രൂപ ഒരാഴ്ചയ്ക്കിടെ വർധിച്ച ശേഷമായിരുന്നു ഇടിവ്. ഔൺസിന് 2900 ഡോളറിന് മുകളിലാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കയിൽ ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.