‘നടപ്പാക്കിയത് ജന്മം നൽകിയതിനുള്ള ശിക്ഷ’; താമരശേരി കൊലപാതകത്തിൽ പ്രതിയുടെ പ്രാഥമിക മൊഴി പുറത്ത്


താമരശ്ശേരി: താമരശ്ശേരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു ആഷിഖിന്റെ മൊഴി. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുമ്പോഴായിരുന്നു ആഷിഖിന്റെ ഈ പ്രതികരണം. നിലവില്‍ താമരശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബ്രയിന്‍ ട്യൂമര്‍ ബാധിച്ച ഉമ്മ സുബൈദയ്ക്ക് അടുത്തിടെയാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് സഹോദരി സക്കീനയുടെ വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് ആഷിഖ് കൊലപ്പെടുത്തുന്നത്. പ്ലസ് ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ സുബൈദ മകന്‍ ആഷിഖിനെ ചേര്‍ത്തിരുന്നു. കോളേജില്‍ ചേര്‍ന്ന ശേഷമാണ് ആഷിഖ് മയക്കുമരുന്നിന് അടിമയായതെന്നാണ് സക്കീന പറയുന്നത്.

ഒരാഴ്ച മുമ്പാണ് ആഷിഖ് ബംഗളുരുവില്‍ നിന്നും താമരശ്ശേരിയിലെത്തിയത്. നാലുദിവസം മുമ്പ് കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് തിരിച്ചെത്തിയത്. ശനിയാഴ്ച സക്കീന ജോലിയ്ക്കായി പുറത്തുപോയ സമയത്തായിരുന്നു ക്രൂരകൃത്യം നടന്നത്. ഈ സമയത്ത് സുബൈദയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

ഉച്ചയോടെ അയല്‍വീട്ടിലെത്തിയ ആഷിഖ് തേങ്ങ പൊളിക്കാനാണെന്ന് പറഞ്ഞ് കൊടുവാള്‍ വാങ്ങി. തുടര്‍ന്ന് വീട്ടിലെത്തി സുബൈദയെ കൊലപ്പെടുത്തുകയായിരുന്നു. വീടിനുള്ളില്‍ നിന്നും കരച്ചില്‍ കേട്ടാനാണ് നാട്ടുകാര്‍ ഓടിയെത്തിയത്. വാതില്‍ അടച്ച് ഇരിക്കുകയായിരുന്നു ആഷിഖ് അപ്പോള്‍. നാട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ ‘ആര്‍ക്കാടാ കത്തിവേണ്ടതെന്ന്’ ചോദിച്ച് ഒരു തവണ വീടിന് പുറത്തിറങ്ങി. തുടര്‍ന്ന് കത്തി കഴുകിയശേഷം അവിടെ വെച്ച് വീണ്ടും വീടിനുള്ളിലേക്ക് കയറി വാതിലടച്ചു. പിന്നീട് സക്കീനയെത്തിയപ്പോഴാണ് ആഷിഖ് വാതില്‍ തുറന്നത്. ഈ സമയം നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബൈദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Description: The preliminary statement of the suspect in the Thamarassery murder is out