കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുത്തിവെയ്പ്പിനെത്തുടര്‍ന്ന് യുവതിയുടെ മരണം; ചികിത്സയിലെ അനാസ്ഥ മൂലമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ മരിച്ച സംഭവം ചികിത്സയിലെ അനാസ്ഥ മൂലമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുത്തിവെയ്പ്പിന്റെ പാര്‍ശ്വഫലത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമായെതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു.

കൂടരഞ്ഞി സ്വദേശി ബിന്ദുവാണ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണ് ഒക്ടോബര്‍ 26ന് ബിന്ദുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത യുവതിക്ക് വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് കുത്തിവെയ്പ്പ് നല്‍കിയത്. പിന്നാലെ ആരോഗ്യ നില മോശമായി മരണപ്പെടുകയായിരുന്നു. എന്നാല്‍ സിന്ധുവിന് നല്‍കിയ ക്രിസ്റ്റലൈന്‍ പെന്‍സിലിന്‍ മരുന്നിന്റെ പാര്‍ശ്വഫലം മൂലമാണ് ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ ഉണ്ടായതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗിക്ക് മരുന്ന് മാറി കുത്തിവെച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരുന്ന് മാറി കുത്തിവെച്ചതല്ലെന്നും അനാഫൈലാക്‌സിസ് അഥവാ ഗുരുതരമായ അലര്‍ജി ആണ് മരണകാരണമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ആദ്യ ഡോസ് നല്‍കിയ സമയത്ത് പ്രശ്‌നങ്ങള്‍ കാണിച്ചിരുന്നില്ലെന്നും രണ്ടാം ഡോസ് നല്‍കിയപ്പോഴാണ് അലര്‍ജി ഉണ്ടായതെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം യുവതി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതായി മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പറഞ്ഞു. ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നും പറഞ്ഞു.