മയക്കുമരുന്ന് ലഹരിയില്‍ ബസില്‍ നിന്ന് ഇറങ്ങാതെ യുവതി; അന്വേഷിക്കാനെത്തിയ വനിതാ പോലീസിനെ മര്‍ദ്ദിച്ചു, ബാലുശ്ശേരി സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തു


ബാലുശ്ശേരി: ബസില്‍ മയക്കുമരുന്ന് ലഹരിയില്‍ പരാമക്രമം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. തുരുത്തിയാട് സ്വദേശി അമൃതയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി മുണ്ടോത്ത് നിന്നും സ്വകാര്യ ബസ്സിൽ കയറി താമരശ്ശേരിയിൽ എത്തിയ യുവതി ബസില്‍ നിന്നും ഒരു വിധത്തിലും ഇറങ്ങാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരെ യുവതി അക്രമിക്കുകയും ചെയ്തു.

സിപിഒ രജിതക്കാണ് മര്‍ദ്ദനമേറ്റത്. പിന്നാലെ അമൃതയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പകര്‍ത്തിയിട്ടുണ്ട്.