അരഞ്ഞാണം വിഴുങ്ങിയ യുവതിയെ ദുക്സാക്ഷികൾ പിടിച്ച് പോലീസിലേൽപ്പിച്ചു; ജ്യൂസും പഴവും നൽകി തൊണ്ടിമുതൽ പുറത്തുവരാൻ പോലീസ് കാത്തിരുന്നത് നാലു ദിവസം


മലപ്പുറം: അരഞ്ഞാണ മോഷണത്തില്‍ തൊണ്ടിമുതലിനായുള്ള മലപ്പുറം തിരൂർ പൊലീസിന്റെ നാലു ദിവസത്തെ കാത്തിരിപ്പ് അവസാനിച്ചു. സ്വർണം വിഴുങ്ങിയ സ്ത്രീയുടെ വയറ്റില്‍ നിന്നും അരഞ്ഞാണം പുറത്ത് വന്നതോടെയാണ് പൊലീസിന് ആശ്വാസമായത്.

പാൻബസാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കെന്ന വ്യാജനെ എത്തിയ നിറമരുതൂര്‍ സ്വദേശി ദില്‍ഷാദ് ബീഗമാണ് കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ചത്. പ്രതിയെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് എത്തി ദേഹപരിശോധന നടത്തിയെങ്കിലും സ്വർണ്ണം കണ്ടെത്തൻ കഴിഞ്ഞില്ല. ദില്‍ഷാദ് ബീഗം മോഷ്ടിച്ചതിന് ദൃക്‌സാക്ഷികള്‍ ഉള്ളതിനാല്‍ പ്രതി ഇവരെന്ന് പൊലീസ് ഉറപ്പിച്ചു.

പിന്നെ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള പെടാപ്പാടായി. അരഞ്ഞാണം വിഴുങ്ങിയിരിക്കാം എന്ന സംശയത്തില്‍ പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിച്ചു എക്സ്റേ എടുത്തു. സ്വർണ്ണം വയറ്റില്‍ ഭദ്രമായി ഉണ്ടെന്ന് എക്സ് റെയില്‍ തെളിഞ്ഞു. തൊണ്ടിമുതലിനായി കാത്തിരിക്കുന്നതിനിടയില്‍ പ്രതിയെ കോടതിയില്‍ എത്തിക്കേണ്ട സമയം ആയതോടെ ഹാജരാക്കി. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്വർണ്ണം വെളിയില്‍ വന്നില്ല. പിന്നൊന്നും ആലോചിച്ചില്ല സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി തിരൂരിലെ പൊലീസുകാര്‍ ദില്‍ഷാദ് ബീഗത്തിന് ജ്യൂസും പഴവും വേണ്ടുവോളം നല്‍കി. എല്ലാ പെടാപാടുകള്‍ക്കും അങ്ങനെ നാലാമത്തെ ദിവസം പരിഹാരമായി. സ്വർണ്ണ അരഞ്ഞാണം പുറത്ത് വന്നു.

തൊണ്ടിമുതല്‍ കിട്ടിയതോടെ പൊലീസ് തെളിവ് സഹിതം പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കി ജയിലില്‍ എത്തിച്ചു. അതോടെ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയെ ഓർമ്മപ്പെടുത്തുന്ന രംഗങ്ങൾക്ക് അവസാനമായി.