എലത്തൂരിൽ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ കുതിച്ചു; കണ്ണൂർ – കോഴിക്കോട് റൂട്ടിൽ അപകടകരമാംവിധം അമിത വേഗത്തിൽ കടന്നുപോയ സ്വകാര്യ ബസിനെ വളഞ്ഞിട്ട് പിടികൂടി പൊലീസ്


എലത്തൂർ: കോഴിക്കോട്-കണ്ണൂർ റൂട്ടിൽ അപകടകരമാംവിധം അമിതവേഗതത്തിൽ കടന്നുപോയ സ്വകാര്യ ബസിനെ വളഞ്ഞിട്ട് പിടികൂടി പൊലീസ്. പുതിയനിരത്തിൽവെച്ച് പൊലീസ് ബസിന് കൈകാണിച്ചിട്ടും നിർത്താതെ പോയതോടെയാണ് പൊലീസ് പിന്നാലെ പോയി കോട്ടേടത്ത് ബസാറിൽവെച്ച് ബസ് പിടികൂടിയത്. കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കൃതിക ബസിനെതിരെയാണ് നടപടി.

പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം ട്രാഫിക് എസ്.ഐ കെ.എ.അജിത് കുമാറാണ് ബസിനെതിരെ നടപടിയെടുത്തത്. എസ്.ഐ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ ലൈസൻസ് കാണിക്കാൻ തയ്യാറായില്ല. ഇയാൾ പൊലീസിനോട് തട്ടിക്കയറി. ഇതോടെ നാട്ടുകാരും പൊലീസിനൊപ്പം ചേർന്നു.

കണ്ണൂർ ചൊവ്വ സ്വദേശി കരുവത്ത് മൃദുൽ (24) ആയിരുന്നു ബസ് ഡ്രൈവർ. ഇയാൾക്കെതിരെ അശ്രദ്ധമായി അപകടമുണ്ടാക്കുംവിധം വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തു. ദേശീയ പാതയിൽ ബസുകളുടെ മത്സരയോട്ടം പതിവായ സാഹചര്യത്തിലാണ് പൊലീസ് പരിശോധന കർശനമാക്കിയത്. ബസിലെ എയർഹോൺ അടിപ്പിച്ച പൊലീസ് പതിനായിരം രൂപ പിഴയും ഈടാക്കി.

Summary: In Elathur, despite being waved by the police, he ran without stopping; The police surrounded and caught a private bus that was speeding dangerously on the Kozhikode-Kannur route