കുറ്റകൃത്യം ചെയ്തിട്ടില്ല, പരാതികളും ഇല്ല; കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് പർദ്ദ ധരിച്ച് കറങ്ങി നടന്ന മേപ്പയ്യൂർ ക്ഷേത്രത്തിലെ പൂജാരിയെ പൊലീസ് കേസെടുക്കാതെ വിട്ടയച്ചു


കൊയിലാണ്ടി: ബസ് സ്റ്റാന്റ് പരിസരത്ത് പര്‍ദ്ദ ധരിച്ച് കറങ്ങി നടന്ന സംഭവത്തില്‍ പിടികൂടിയ ക്ഷേത്രപൂജാരിയെ പൊലീസ് രക്ഷിതാവിനൊപ്പം വിട്ടയച്ചു. കൽപറ്റ പുത്തൂർവയൽ കോട്ടയിൽ ജിഷ്ണുവിനെയാണ് (28) പരാതികളൊന്നുമില്ലാത്ത സാഹചര്യത്തിൽ വിട്ടത്.

ഇയാളുടെ പേരിൽ യാതൊരു വിധ പരാതികളും ലഭിച്ചിട്ടില്ല എന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇതേ തുടർന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. വിഷ്ണു പൂജാരിയായി ജോലി ചെയ്തിരുന്ന മേപ്പയ്യൂർ കണ്ടമനശാല ക്ഷേത്രത്തിന്റെ ഭാരവാഹികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് മേപ്പയ്യൂർ പൊലീസും ഇയാളെ വിളിച്ച് വരുത്തിയിരുന്നു.

കൂടാതെ ഇയാൾ താമസിച്ചിരുന്ന വീടും പൊലീസ് പരിശോധിച്ചു. എന്നാൽ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് മേപ്പയ്യൂർ പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ക്ഷേത്രത്തിൽ നിന്ന് ഇയാളെ പൂജാരി സ്ഥാനത്തു നിന്ന് മാറ്റി, വാടകയ്ക്ക് കൊടുത്തിരുന്ന വീടും ഒഴിഞ്ഞു കൊടുത്തു.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഇയാളെ കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് പര്‍ദ്ദ ധരിച്ച് കറങ്ങി നടക്കുന്നതായി കണ്ടത്. സംശയം തോന്നിയ യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പിടികൂടുകയായിരുന്നു. ചോദ്യംചെയ്തപ്പോൾ പുരുഷനാണെന്ന് വ്യക്തമായി. തുടർന്ന് പൊലീസിൽ ഏൽപിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ മേപ്പയൂർ കണ്ടമനശാല ക്ഷേത്രത്തിലെ പൂജാരിയാണ് എന്ന് വ്യക്തമാവുകയായിരുന്നു.

ചിക്കന്‍ പോക്‌സായതിനാലാണ് തൻ പര്‍ദ്ദയിട്ടതെന്ന് എന്നായിരുന്നു യുവാവ് കൊയിലാണ്ടി പോലീസിനോട് പറഞ്ഞത്. വയനാട് ജില്ലയിലെ കല്‍പ്പറ്റ സ്വദേശിയാണ് ഇയാൾ. രണ്ടര മാസം മുമ്പാണ് കണ്ടമനശാല ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി എത്തിയത്. നല്ല രീതിയിലുള്ള പെരുമാറ്റമായതിനാല്‍ ഇയാളെ കുറിച്ച് ആര്‍ക്കും മോശം അഭിപ്രായം ഇല്ല എന്നാണ് ക്ഷേത്ര പരിസരത്തുള്ളവര്‍ പറയുന്നത്. എന്നാൽ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസ് നിലവിലുണ്ട് എന്നാണ് വിവരം.

summary: the police released the temple priest who came out wearing ‘parda’ at koyilandy