താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കൊലപാതകം; പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റാനൊരുങ്ങി പോലിസ്


കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റാനൊരുങ്ങി പോലീസ്. വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്‌കൂളിൽ പരീക്ഷ നടത്തിയാൽ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ജുവനൈൽ ഹോമിനടുത്ത കേന്ദ്രങ്ങളിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും അന്വേഷണ ഉദ്യോഗസ്ഥർ കത്ത് നൽകി.

കേസിലെ പ്രതികളായ പത്താം ക്ലാസ് വിദ്യാർത്ഥികളെ താമരശ്ശേരിയിൽ പരീക്ഷയ്‌ക്കെത്തിച്ചാൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചിരുന്നു.വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും കേസിലെ പ്രതികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നു. ജീവിക്കാനുള്ള അവകാശം കവർന്നവർക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നൽകരുത് എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ അഞ്ച് പേരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Description: The police is about to change the examination center of the accused.