സ്വര്‍ണ്ണ കടത്തു സംഘം തട്ടി കൊണ്ടുപോയ കേസ്; ഇര്‍ഷാദിന്റെ മരണ വാര്‍ത്ത വീട്ടുകാരെ ഔദ്യോഗികമായി അറിയിച്ച് പോലീസ്


പന്തിരിക്കര: പന്തിരിക്കരയില്‍ നിന്നും സ്വര്‍ണ്ണ കടത്തു സംഘം തട്ടി കൊണ്ടുപോയ ഇര്‍ഷാദിന്റെ വീട്ടില്‍ മകന്‍ മരിച്ച വാര്‍ത്ത ഔദ്യോഗികമായി അറിയിക്കാന്‍ പോലീസ് എത്തി.

ഇന്ന് രാവിലെ 11.45 ഓടെയാണ് ഇര്‍ഷാദ് മരിച്ചതായ വിവരം ഔദ്യോഗികമായി പൊലീസ് വീട്ടില്‍ അറിയിച്ചത്. പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ കെ. ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.വി അബ്ദുള്‍ ഗഫൂര്‍, കെ. രഞ്ജിഷ് എന്നിവരാണ് വീട്ടിലെത്തിയത്.

ഇര്‍ഷാദിന്റെ പിതാവ് നാസറിനോട് ഔദ്യോഗികമായി വിവരം കൈമാറി. കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ആവശ്യപെട്ടു.

ഡി.എന്‍.എ പരിശോധന ഫലം വരുന്നതിനു മുമ്പ് ദീപക്കിന്റെതെന്ന് പറഞ്ഞ് മൃതദേഹം സംസ്‌കരിച്ചതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊയിലാണ്ടി കടല്‍ തീരത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡി.എന്‍.എയും ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എയും യോജിച്ചതിനെ തുടര്‍ന്ന്് മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന് പോലീസ് ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.

summery: the police have officially informed the family of irshad death in the case of abduction by a gold smuggling gang