പ്രവര്‍ത്തിച്ചത് രണ്ട് വര്‍ഷക്കാലം; കക്കയത്ത് സാമൂഹികവിരുദ്ധരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റ് കെട്ടിടം ഇപ്പോള്‍ നാശത്തിന്റെ വക്കില്‍


കൂരാച്ചുണ്ട്: കക്കയത്തെ പൊലീസ് എയ്ഡ് പോസ്റ്റ് കെട്ടിടം തകര്‍ന്നു നശിക്കുന്ന നിലയില്‍. നിരവധി വിനോദസഞ്ചാരികള്‍ വന്നു പോകുന്ന കക്കയത്ത് സാമൂഹികവിരുദ്ധരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് 2014ല്‍ ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റാണ് രണ്ടു വര്‍ഷക്കാലം മാത്രം പ്രവര്‍ത്തിച്ച് പിന്നെ അടച്ചിട്ട സ്ഥിതിയിലായത്.

കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനു കീഴിലുള്ള എയ്ഡ് പോസ്റ്റിലേക്ക് നിയോഗിക്കാന്‍ പൊലീസുകാര്‍ ഇല്ലാത്തതിന്റെ പേരിലായിരുന്നു അടച്ചുപൂട്ടല്‍. ഇപ്പോള്‍ കെട്ടിടം പാടെ ജീര്‍ണാവസ്ഥയിലായിരിക്കുകയാണ്. വന്യജീവി സങ്കേതവും മലബാറിലെ പ്രധാന ജലവൈദ്യുതി ഉല്‍പാദനകേന്ദ്രവും കെ.എസ്.ഇ.ബിയുടെ നിരവധി ഓഫിസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

കക്കയം ഡാം സെറ്റ് കേന്ദ്രീകരിച്ച് ഹൈഡല്‍ ടൂറിസവും പ്രവര്‍ത്തിക്കുന്നുണ്ട്. 12 കിലോമീറ്ററോളം അകലെയുള്ള കൂരാച്ചുണ്ടിലാണ് നിലവില്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.

നിരവധി വിനോദസഞ്ചാരികളാണ് കക്കയത്തെത്തുന്നത്. ലഹരിവസ്തുക്കളുമായെത്തുന്ന സാമൂഹികവിരുദ്ധരായ സഞ്ചാരികളും ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. പൊലീസ് സാന്നിധ്യമില്ലാത്തതിനാല്‍ മൃഗവേട്ടയടക്കമുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും മേഖലയില്‍ വര്‍ധിച്ചുവരുന്നുണ്ട്. കക്കയത്തെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം വീണ്ടും സജീവമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കെ.എസ്.ഇ.ബിയുടെ പഴയ കെട്ടിടം നവീകരിച്ചാണ് കക്കയത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. അന്നത്തെ ജില്ല പൊലീസ് മേധാവി പി.എച്ച്. അഷ്‌റഫ്, നാദാപുരം ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എം.കെ. രാഘവന്‍ എം.പിയാണ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനംചെയ്തത്. എന്നാല്‍, രണ്ടു വര്‍ഷം പിന്നിട്ടതോടെ എയ്ഡ് പോസ്റ്റ് അടച്ചിടുകയായിരുന്നു.

summary: the police aid post building in kakkyam is collapsing