നാടിന്റെ നന്മക്ക് കളിക്കളങ്ങൾ ഉണരണം; നാട്ടുകാരുടെ നേതൃത്വത്തിൽ തിരുവള്ളൂരിൽ കളിക്കളം ഒരുങ്ങുന്നു


തിരുവള്ളൂർ : കളിയിടങ്ങളിൽ രൂപപ്പെട്ട സ്നേഹവും വിശ്വാസവുമാണ് ഇന്നലകൾക്ക് കരുത്തായി മാറിയതെന്ന് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഗോകുലം ഗോപാലൻ. ജനകീയ വിഭവശേഖരണത്തിലൂടെ തിരുവള്ളൂരിൽ ഒരുക്കുന്ന കളിക്കളത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിക്കാൻ സൗകര്യങ്ങൾ കുറഞ്ഞത് ബാല്യ, കൗമാര, യൗവ്വനങ്ങൾ വഴിമാറി നടക്കാൻ കാരണമായിട്ടുണ്ട്.

സമൂഹത്തിന് അപകടം വരുത്തുന്ന അവസ്ഥയെ മറികടക്കാൻ സ്പോർട്സിനെ ലഹരിയാക്കി വളർത്താനുള്ള പ്രാദേശിക സൗകര്യങ്ങൾ രൂപപ്പെടണമെന്ന് ​ഗോകുലം ​ഗോപാലൻ വ്യക്തമാക്കി. ഇതിന് തിരുവള്ളൂരിൽ തുടക്കം കുറിക്കപ്പെടുന്നത് ഏറെ സന്തോഷകരമാണെന്നും അദ്ധേഹം പറഞ്ഞു. തിരുവള്ളൂരിൽ നാട്ടുകാരുടേയും സുമനസ്സുകളുടേയും സഹകരണത്തോടെയാണ് കളിക്കളം ഒരുക്കുന്നത്. സംഘാടക സമിതി ചെയർപേഴ്സൺ സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എഫ് എം മുനീർ , സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാൻ , കെ.വി ഷഹനാസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി.എച്ച് മൊയ്തു, രഞ്ജിനി വെള്ളാച്ചേരി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബവിത്ത് മലോൽ, പി.സി. ഹാജറ, കെ.കെ.അബ്ദുറഹ്മാൻ ഹാജി, എടവത്ത് കണ്ടി കുഞ്ഞിരാമൻ, കെ.കെ മോഹനൻ , ചുണ്ടയിൽ മൊയ്തു ഹാജി, ആർ രാമകൃഷ്ണൻ , പാലൂന്നി മൊയ്തു തുടങ്ങിയവർ സംസാരിച്ചു.