പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്ന് കുറ്റ്യാടി, പേരാമ്പ്ര എം.എൽ.എമാര്‍; വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ


വേളം: പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്ന് കുറ്റ്യാടി, പേരാമ്പ്ര എം.എൽ.എമാര്‍. 5 മീറ്റർ ഉയരത്തിൽ വരെ വെള്ളം സംഭരിക്കുന്നതിനും, ചെറുവണ്ണൂർ വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനും, ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും, ഭൂഗർഭ ജലലഭ്യത ഉറപ്പാക്കുന്നതിനും, കൃഷിയിടങ്ങളിൽ ജലലഭ്യത ഉറപ്പാക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവൃത്തി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണനും കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററും കത്ത് നൽകിയിരുന്നു.

ഇക്കഴിഞ്ഞ കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന ഡിഡിസി യോഗത്തിൽ ബ്രിഡ്ജ് നിര്‍മ്മാണ പ്രവർത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെപ്പെട്ടതായി എം.എല്‍.എമാര്‍ അറിയിച്ചു. വിഷയത്തിൽ ജില്ലാ കളക്ടർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഡിഡിസി യോഗത്തിൽ ഉറപ്പ് നൽകി.

കെ.ഐ.ഐ.ഡി.സി ആണ് പ്രവൃത്തിയുടെ നിർവഹണ ഏജൻസി. കിഫ്ബിയാണ് ഫണ്ടിങ് ഏജൻസി. വടകര താലൂക്കിൽ ഉൾപ്പെടെയുള്ള വാട്ടർ അതോറിറ്റിയുടെ ജലവിതരണ ശൃംഖലയിൽ ഉപ്പുവെള്ളം കയറുന്നതിനും ഈ പദ്ധതി പൂർത്തിയാകുന്നതോടെ പരിഹാരമാകുമെന്ന്‌ എംഎൽഎ കെ.പി കുഞ്ഞമ്മത് കുട്ടി പറഞ്ഞു.

Description: The Perincheri wharf regulator cum bridge work should be completed urgently