പോലീസ് വാഹനത്തിൽ നിന്നും പ്രതി ഇറങ്ങിയോടി; രക്ഷപ്പെടാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പേരാമ്പ്ര പോലീസ്


പേരാമ്പ്ര: പേരാമ്പ്രയില്‍ പോക്‌സോ കേസില്‍ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി പേരാമ്പ്ര പോലീസ്. കാവുന്തറ മീത്തലെ പുതിയോട്ടില്‍ അനസ്(34) നെ ആണ് പോലീസ് പിടികൂടിയത്.

പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ആണ് പ്രതിയെ പോക്‌സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തത്. കാവുന്തറയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വാഹനത്തില്‍ കൊണ്ടു പോകുമ്പോള്‍ ചെമ്മലപ്പുറത്ത് വെച്ച് പ്രതി സമീപത്തെ പറമ്പിലേയ്ക്ക് ഇറങ്ങി ഓടുകയായിരുന്നു.

പിന്നാലെ എസ്.സി.പി.ഓ സുനില്‍കുമാര്‍ 500 മീറ്ററോളം പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടയില്‍ സുനില്‍കുമാറിന് കാലിനും നടുവിനും പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ക്കെതിരെ പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ എട്ടോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ ജംഷിദിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ ഷമീറും സീനിയര്‍ എസ്.സി.പി.ഓ സുനില്‍കുമാറും ചേര്‍ന്നായിരുന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Summary: The accused got out of the police vehicle and ran away; the Perambra police chased and caught the accused in the POCSO case who tried to escape