ദേശീയപാതാ നിർമ്മാണം വേഗത്തിലാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണം; കേന്ദ്ര ഗതാഗത മന്ത്രിക്ക് കത്തയച്ച് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ


വടകര: ദേശീയപാത നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ച് കുറ്റ്യാടി എം.എൽ കെ.പി. കുഞ്ഞമ്മദ് കുട്ടി. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നിരവധി ആളുകൾ ദിവസേന ദേശീയപാതയെ ആശ്രയിക്കുന്നവരാണ്. നിരവധി പ്രയാസങ്ങൾ ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയതെന്ന് കെ.പി കുഞ്ഞമ്മത് കുട്ടി എംഎൽഎ അറിയിച്ചു.

നിലവിൽ വടകര താലൂക്കിൽ നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട് പ്രധാന പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. മുക്കാളിയിലെയും, മടപ്പള്ളിയിലെയും സോയിൽ നെയിലിംഗ് ചെയ്‌ത ഭാഗത്ത് ഇതുവരെയായി പ്രശ്നം പരിഹരിക്കാതെ കിടക്കുകയാണ്. മണ്ണ് വീണ്ടും ഇടിയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കൂടാതെ കൈനാട്ടി, പെരുവട്ടംതാഴ, ചോറോട് എന്നീ ഭാഗങ്ങളിലുള്ള നിർമ്മാണ പ്രവർത്തി വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇത് കാരണം ദിവസേന കനത്ത ട്രാഫിക് ബ്ലോക്കുകളാണ് ഉണ്ടാകുന്നത്.

ഈ പ്രദേശങ്ങളിൽ മഴപെയ്‌താൽ വെള്ളക്കെട്ട് കാരണം പ്രദേശവാസികൾ താമസം മാറ്റേണ്ട സാഹചര്യമുണ്ട് . നിലവിൽ തകരാറിലായി കിടക്കുന്ന നാഷണൽ ഹൈവേയുടെ ഭാഗങ്ങൾ പുനരുദ്ധരിക്കണമെന്നും കത്തിലൂടെ അഭ്യർത്ഥിച്ചതായി എം.എൽ.എ പറഞ്ഞു. ചോമ്പാലയിലെയും, നാദാപുരം റോഡിലെയും അടിപ്പാതകളുടെ നിർമ്മാണം ഉടനെ ആരംഭിക്കണമെന്നും എം.എൽ.എ കത്തിലൂടെ അഭ്യർത്ഥിച്ചു.

Summary: The people’s misery should be solved by speeding up the construction of the national highway; KP Kunhammed Kutty MLA has sent a letter to the Union Transport Minister