ഉപഗ്രഹ സര്‍വേയിലൂടെ സര്‍ക്കാര്‍ പുറത്തുവിട്ട ബഫര്‍ സോണ്‍ മാപ്പിംങിനെതിരെ പരാതി; മലയോരമേഖലയിലെ ജനങ്ങള്‍ ആശങ്കയില്‍
പേരാമ്പ്ര: മലയോര മേഖലയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട്. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില അവ്യക്തതകളാണ് ജനങ്ങളെ ആശങ്കയിലേക്ക് നയിക്കുന്നത്.
മലബാര്‍ വന്യജീവിസങ്കേതത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ ഉള്‍പ്പെടുത്തിയുള്ള ഉപഗ്രഹ സര്‍വേറിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. ഇതില്‍ ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, കൂരാച്ചുണ്ട്, മരുതോങ്കര, കട്ടിപ്പാറ, പുതുപ്പാടി എന്നീ പഞ്ചായത്തുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ജനവാസമേഖല ഉള്‍പ്പെടുന്ന പ്രദേശം സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥാപനങ്ങള്‍, വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ പൂര്‍ണവും വ്യക്തവുമല്ല. പലതിന്റെയും സ്ഥാനങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നും ആക്ഷേപമുയരുന്നുണ്ട്. പഞ്ചായത്ത് തിരിച്ചും വില്ലേജ് തിരിച്ചും സര്‍വേ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വില്ലേജ് തിരിച്ച് സര്‍വേ നമ്പര്‍ നല്‍കിയതില്‍ പലസ്ഥലങ്ങളിലും അവ്യക്തത നിലനില്‍ക്കുന്നതായി കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നു.
പരിസ്ഥിതിലോല മേഖലയില്‍വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മാണങ്ങള്‍ എന്നിവസംബന്ധിച്ച് ഉപഗ്രഹച്ചിത്രങ്ങള്‍ മുഖേന തയ്യാറാക്കിയതാണ് റിപ്പോര്‍ട്ടെങ്കിലും സര്‍വേനമ്പര്‍ മാത്രമുള്ളതിനാല്‍ സ്ഥലമുടമകള്‍ക്ക് സ്ഥലത്തിന്റെ അതിരുകള്‍ വ്യക്തമായി മനസ്സിലാക്കാനാകാത്ത പ്രശ്‌നമുണ്ട്. ചില സര്‍വേനമ്പര്‍ പൂര്‍ണമായും ചിലത് ഭാഗികമായുമാണ് ഉള്‍പ്പെടുന്നത്. അതിനാല്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി എവിടെയെന്നത് വ്യക്തമായി മനസിവാന്‍ കഴിയാത്ത അവസ്ഥയാണെന്നും പറഞ്ഞു.