പുറമേരി കുഞ്ഞല്ലൂർ വാർഡിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ 7 മുതൽ
വടകര: നാളെ പുറമേരി പഞ്ചായത്ത് കുഞ്ഞല്ലൂർ വാർഡ് ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.പി.വിജയൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
മുതുവടത്തൂർ എം.യു.പി. സ്കൂളിലാണ് പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുള്ളത്. രണ്ട് ബൂത്തുകളാണ് ഇവിടെ ഒരുക്കിയത്. വോട്ടിങ് മെഷീനുകളുടെ വിതരണം പൂർത്തിയായി.

ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ വിവേക് കൊടുങ്ങാം പുറത്ത്, യുഡിഎഫ് സ്ഥാനാർത്ഥിയായി പുതിയോട്ടിൽ അജയനും ബിജെപി സ്ഥാനാർത്ഥിയായി മിഥുനുമാണ് മത്സരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന വിജയൻ മാസ്റ്റർ 185 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചൊവ്വാഴ്ച രാവിലെ 10ന് മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിലാണ് വോട്ടെണ്ണൽ.