പണിയായുധങ്ങളുമെടുത്ത് പഞ്ചായത്ത് പ്രസിഡന്റ് മുന്നിലിറങ്ങി, ഒപ്പം ജനപ്രതിനിധികളും നാട്ടുകാരും; ഒരുങ്ങിയത് മരുതോങ്കര കളിവീട് അങ്കണവാടിക്കൊരു അടച്ചുറപ്പുള്ള കെട്ടിടം
കുറ്റ്യാടി: മരുതോങ്കര ഗ്രാമ പഞ്ചായത്തില്‍ കളിവീട് അങ്കണവാടിയ്ക്ക് ഇനി അടച്ചുറപ്പുള്ള താല്‍ക്കാലിക കെട്ടിടം. സ്വന്തമായി കെട്ടിടമില്ലാത്ത കളിവീട് അങ്കണവാടിക്ക് കെട്ടിടം പണിയാന്‍ ശ്രമദാനവുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്തും മറ്റു ജനപ്രതിനിധികളും രംഗത്തിറങ്ങി. ദിവസങ്ങളോളം നീണ്ട നിര്‍മ്മാണ പ്രവൃത്തിക്കു ശേഷം മനോഹരമായ കെട്ടിടമാണ് അങ്കണവാടിയ്ക്കായി ഒരുക്കിയത്.
മരുതോങ്കരയില്‍ 23 അങ്കണവാടികളില്‍ കളിവീട് അങ്കണവാടിക്ക് മാത്രമായിരുന്നു കെട്ടിടമില്ലാതിരുന്നത്. താല്‍കാലികമായി കെട്ടിപ്പൊക്കിയ ഓലഷെഡിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. പരിഹാരമെന്ന നിലയിലാണ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
പഴയ ഓലഷെഡ് പൊളിച്ച് മാറ്റി കൃഷി ഭവന്‍ മെയിന്റനസ് ചെയ്തപ്പോള്‍ ബാക്കി വന്ന പൈപ്പുകളും പഞ്ചായത്തിന്റെ കൈവശമുള്ള ഓടുകളം മറ്റും ഉപയോഗിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ഉറപ്പുള്ള കെട്ടിടം നിര്‍മിക്കുകയായിരുന്നു.
ഭിത്തികള്‍ നിര്‍മിക്കുന്ന പ്രവൃത്തി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരുടെയും നാട്ടുകാരുടെയും സഹായത്തോടെ പൂര്‍ത്തിയാക്കി. വൈസ് പ്രസിഡന്റ് ശോഭ അശോകന്‍, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡന്നി തോമസ്, വി.പി റീന, സി.പി ബാബുരാജ്, പഞ്ചായത്ത് മെമ്പര്‍മാരായ സമീറ ബഷീര്‍, സീമ, വനജ, രജിലേഷ്, അജിത, ബിന്ദു കൂരാറ, ഡ്രൈവര്‍ അഖിലേഷ്, നാട്ടുകാരായ രാജന്‍ പാറക്കല്‍, എം.സി സുരേന്ദ്രന്‍, വിനോദന്‍ എന്നിവര്‍ കെട്ടിട നിര്‍മാണ പ്രവൃത്തികളില്‍ പങ്കെടുത്തു.
അങ്കണവാടിക്ക് സ്ഥിരം കെട്ടിടം നിര്‍മിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് സജിത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
summary: the panchayath president and people’s representatives stepped forward and constructed a temporary building for the maruthongara kaliveedu anganwadi