‘പേരാമ്പ്രയിലെ മാലിന്യക്കൂമ്പാരത്തിന് തീ കൊളുത്തിയതോ?’; മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീ പിടിത്തത്തിൽ ദുരൂഹത ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ്, പരാതി നൽകി


പേരാമ്പ്ര: പഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തതിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്. എംസിഎഫിൽ നിലവിൽ തീ പടർന്നു പിടിക്കേണ്ട സാഹചര്യം ഇല്ലെന്നും കരണ്ട് കണക്ഷൻ ലഭിക്കാത്തതിനാൽ ഷോട്ട് സർക്യൂട്ട് പോലുളള അപകടങ്ങൾ എംസിഎഫ് കെട്ടിടത്തിൽ ഉണ്ടാകുവാൻ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് എം.സി.എഫിലും സമീപത്തുള്ള ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസിന് പ്രവർത്തിക്കുന്ന കെട്ടിടത്തിലും തീപിടുത്തമുണ്ടായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്.

കെട്ടിടത്തിൽ ഹരിതകർമ്മസേന തരംതിരിച്ച് സൂക്ഷിച്ച രണ്ട് ലോഡ് പ്ലാസ്റ്റിക്കും തരംതിരിക്കാനുള്ള ഏകദേശം രണ്ട് ലോഡ് പ്ലാസ്റ്റിക്കുമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന് പുറത്ത് മാലിന്യങ്ങൾ ഒന്നും തന്നെ നിക്ഷേപിച്ചിട്ടുണ്ടായിരുന്നില്ല. തരംതിരിച്ച് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകുന്നതിന് ക്ലീൻ കേരള കമ്പനിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ജൂൺ 14-ാം തിയ്യതി മാലിന്യം കൊണ്ട് പോകുന്നതിന് വരാമെന്ന് അറിയിച്ചിട്ടുളളതുമായിരുന്നു. എംസിഎഫിൽ മാലിന്യങ്ങൾ അകാരണമായി നിക്ഷേപിച്ചിട്ടുണ്ടായിരുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

എം.സി.എഫിൽ ആവശ്യത്തിന് ഫയർ എക്സ്റ്റിംഗിഷറുകൾ, മണൽ നിറച്ച ഫയർ ബക്കറ്റുകൾ തുടങ്ങിയവ സ്ഥാപനത്തിൽ ഉണ്ടായിരുന്നു. പുകവലി പാടില്ല എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മഴയുള്ള ഈർപ്പം നിറഞ്ഞ കാലാവസ്ഥയായതിനാൽ മാലിന്യങ്ങൾ ബാഹ്യ ഇടപെടൽ ഇല്ലാതെ കത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ലായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിൽ നിന്നോ സാമൂഹ്യ ദ്രോഹികളുടെ ഇടപെടൽ കൊണ്ടോ ആണ് തീപ്പിടുത്തം ഉണ്ടായതെന്ന് സംശയിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. സംഭവത്തിൽ സർക്കിൾ ഇൻസ്പെക്ടർ മുമ്പാകെ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. എം.സി.എഫിലെ തീപിടുത്തം ​ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതമൂലമാണെന്ന് ചിലർ പ്രചരിപ്പിക്കുന്നത് വസ്തുദാവിരുദ്ധവും സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.