‘കൃത്യമായ തെളിവുകളുണ്ട്, സ്ഥലം ഞങ്ങളുടേത്’; സ്ഥലം കയ്യേറിയെന്ന അയല്‍വാസിയുടെ ആരോപണം കള്ളമെന്ന് നരിനടയിലെ സ്ഥലം ഉടമ


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ നരിനടയില്‍ അയല്‍ വാസിയുടെ ഭൂമികൈയ്യേറിയെന്ന ആരോപണം നിഷേധിച്ച് പെരുഞ്ചേരി കുഞ്ഞമ്മദ്. അയല്‍വാസി സ്ഥലം കയ്യേറാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ചക്കിട്ടപാറ പഞ്ചായത്തിലെ നരിനട സ്വദേശിയായ വയോധികയായിരുന്നു പരാതി നല്‍കിയത്.

സ്വന്തം പുരയിടത്തോടു ചേര്‍ന്ന ആറ്‌സെന്റ് ഭൂമി അയല്‍ വാസി തട്ടിയെടുത്തുവെന്നും നികുതിപോലും അടയ്ക്കാന്‍ സാധിക്കുന്നില്ല എന്നുമായിരുന്നു അവരുടെ ആരോപണം. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും ഈ ഭൂമി തന്റെതാണെന്നുള്ളതിന് എല്ലാ തെളിവുകളും കൈവശം ഉള്ളതായും കുഞ്ഞമ്മത് പറഞ്ഞു.

1979 ഏപ്രില്‍ ഏഴാം തിയ്യതി പരാതിക്കാരിയുടെ ഭര്‍ത്താവ് ഈ ഭൂമി അയല്‍ വാസിയായ മറ്റൊരാള്‍ക്ക് എഴുതിക്കൊടുത്തതായും അത് പേരാമ്പ്ര രജിസ്ട്രര്‍ ഒഫീസില്‍ രജിസ്ട്രര്‍ ചെയ്തതായും രേഖകള്‍ ഉള്ളതായി കുഞ്ഞമ്മദ് അറിയിച്ചു. പിന്നീട് 1980ലാണ് ഈ അയല്‍വാസിയില്‍ നിന്നും തന്റെ ബാപ്പയും ഉമ്മയും ബാപ്പയുടെ സുഹൃത്തും ചേര്‍ന്ന് സ്ഥലം വാങ്ങുകയായിരുന്നു. പിന്നീട് ഈ ആറ് സെന്റ് ഉള്‍പ്പെടെയുള്ള കുറച്ച് സ്ഥലം പിഡബ്ലൂഡി റോഡിനായി പോവുകയും ചെയ്തിട്ടുണ്ട്. ആധാരം താന്‍ എടുത്തെന്ന് പറഞ്ഞ് മുന്നെയും പരാതിക്കാരിയും കുടുംബവും തനിക്കെതിരെ ആരോപണം നടത്തിയിട്ടുണ്ടെന്നും പിന്നീട് ആധാരം ബാങ്കില്‍ നിന്നും ലഭിക്കുകയായിരുന്നെന്നും കുഞ്ഞമ്മദ് പറഞ്ഞു.

അവരുടെ കൈവശമുള്ളത് അടിയാധാരമാണ് അതിലാണ് 20സെന്റ് സ്ഥലം എന്നുള്ളത്. നികുതി 14ന് സെന്റിന് മാത്രമാണ് അവര്‍ അടക്കുന്നത് എന്നും കുഞ്ഞമ്മത് കൂട്ടിച്ചേര്‍ത്തു.

Summary:’There is definite evidence, the place is ours’; The owner of the land in Narinada says that the neighbor’s allegation of land encroachment is false