‘പുലര്‍ച്ചെ വീട്ടിലേക്ക് പോകാന്‍ വാഹനം കിട്ടിയില്ല’; കുന്നംകുളത്തുനിന്ന് കാണാതായ ബസ് ഗുരുവായൂരില്‍, മുൻ ഡ്രൈവർ പിടിയിൽ
കുന്നംകുളം: കുന്നംകുളത്ത് നിന്നും ഇന്ന് രാവിലെ കാണാതായ സ്വകാര്യ ബസ് കണ്ടെത്തി. ഗുരുവായൂരില്‍ നിന്നാണ് ബസ് കണ്ടെത്തിയിരിക്കുന്നത്. ബസിന്റെ പഴയ ഡ്രൈവറായ ഷംനാദാണ് ബസ് കടത്തികൊണ്ടുപോയത്. പുലര്‍ച്ചെ വീട്ടില്‍ പോകാന്‍ മറ്റ് വാഹനങ്ങളൊന്നും ലഭിക്കാതെ വന്നതോടെ മുമ്പ് ജോലി ചെയ്തിരുന്ന ബസ് ഓടിച്ച് വീട്ടില്‍ പോയെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ആലപ്പുഴ സ്വദേശിയായ ഇയാള്‍ ഗുരുവായൂരിലാണ് താമസം. സര്‍വീസിന് ശേഷം കഴിഞ്ഞ ദിവസം രാത്രി കുന്നംകുളം ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഷോണി ബസാണ് മോഷണം പോയത്. രാവിലെ ബസ് എടുക്കാനായി ജീവനക്കാര്‍ എത്തിയതോടെയാണ് ബസ് മോഷണം പോയത് അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സിസിടി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഷംനാദ് പുലര്‍ച്ചെ നാല് മണിയോടെ ബസ് ഓടിച്ചുപോകുന്നത് കണ്ടത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗുരുവായൂര്‍ മേല്‍പ്പാലത്തിന് സമീപത്തായി ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷംനാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Description: The old driver stole the private bus from Kunnamkulam