തീ ഉയരുന്നത് കണ്ട് മറ്റുവാഹനത്തിലുള്ളവർ വിവരം നൽകുമ്പോഴേക്കും തീ പടർന്നിരുന്നു, ഡോർ ലോക്കായതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞില്ല, നാട്ടുകാരുടെ പരിശ്രമവും വിജയിച്ചില്ല; കണ്ണൂരിൽ ദമ്പതികൾ വെന്തുമരിക്കുന്നത് കുടുംബാംഗങ്ങളുടെ കൺമുമ്പിൽ


കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിനു തീപിടിച്ച് ഗർഭിണി ഉൾപ്പടെ രണ്ട് പേർ മരിച്ച സംഭവത്തിൽ ഡോർ ലോക്ക് ആയതാണ് രക്ഷാപ്രവർത്തനത്തിനു തടസ്സമായതെന്ന് നാട്ടുകാർ പറയുന്നു. മുന്നിലെ ഡോർ ലോക്ക് ആവുകയും, ചില്ലു തകർക്കാനുള്ള ശ്രമം പരാജയപ്പെടുകയുമായിരുന്നു.

കുറ്റ്യാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (35) ഭാര്യ റീഷ(26) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്.

ഗര്‍ഭിണിയായ യുവതിയും കാറോടിച്ച ഭര്‍ത്താവും മുന്‍ സീറ്റുകളിലും മറ്റ് നാല് പേര്‍ പുറകിലെ സീറ്റുകളിലുമായിരുന്നു. കാര്‍ ഡോര്‍ ജാമായതിനാല്‍ മുന്‍ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും രക്ഷപ്പെടാനായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം ഇവരെ അറിയിച്ചത്. എന്നാല്‍ ഡോര്‍ ജാമായതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല. തീ പടരുന്നതിനിടെ ഡ്രൈവര്‍, പുറകിലെ ഡോര്‍ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേര്‍ രക്ഷപ്പെട്ടത്. എന്നാല്‍ മുന്‍ വശത്തെ ഡോര്‍ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതല്‍ പടര്‍ന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നതിന് നൂറ് മീറ്ററോളം മാറി ഫയര്‍ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും രണ്ട് പേരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഇവിടെ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയാണ് തീ അണച്ചത്.

ആശുപത്രിയിൽ എത്തിച്ചവരുടെ പരിക്ക് ഗുരുതരമല്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ വാഹന വിദഗ്ധരിൽ നിന്നും അഭിപ്രായം തേടുമെന്നും, അപകടത്തിന്റെ എല്ലാ വശവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.