സംസ്ഥാനത്ത് പേവിഷബാധമൂലം മരിക്കുന്നവരുടേയും തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സതേടുന്നവരുടെയും എണ്ണം ഉയരുന്നു; കഴിഞ്ഞവർഷം മാത്രം മരിച്ചത് 26 പേർ


തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധമൂലം മരിക്കുന്നവരുടേയും തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെയും എണ്ണം ഉയരുന്നു. കഴിഞ്ഞവർഷം മാത്രം പേവിഷബാധയേറ്റ് മരിച്ചത് 26 പേരും നായ്ക്കളുടെ ആക്രമത്തിൽ പരിക്കേറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയത് മൂന്നുലക്ഷത്തിലധികം പേരുമാണ്. 2023-നെക്കാൾ പതിനായിരത്തിലധികം പേർക്ക് നായയുടെ കടിയേറ്റതായാണ് സർക്കാർ കണക്കുകൾ.

2021 മുതലാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങളിൽ വർധനയുണ്ടായത്. 2021-ൽ പതിനൊന്നായിരുന്നു മരണനിരക്ക്. 2022-ൽ 27 പേർ പേവിഷബാധയേറ്റ് മരിച്ചു, 2023-ൽ 25 പേരും. വന്ധ്യംകരണവും വാക്സിനേഷനും ഉൾപ്പെടെയുള്ള പദ്ധതികൾ പാളുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.2019-ലെ ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് 2,89,986 തെരുവുനായ്ക്കളാണുള്ളത്. കഴിഞ്ഞവർഷം കൂടുതൽപേർക്ക് തെരുവുനായയുടെ കടിയേറ്റത് തിരുവനന്തപുരം ജില്ലയിലാണ്. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നിൽ.

തെരുവുനായ്ക്കളുടെ വംശവർധന നിയന്ത്രിക്കാൻ മൃഗസംരക്ഷണവകുപ്പും തദ്ദേശവകുപ്പും ചേർന്ന് നടപ്പാക്കുന്നതാണ് എ.ബി.സി.പദ്ധതി. വിവിധ ജില്ലകളിലായി 15 എ.ബി.സി.സെന്ററുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്ന നായ്ക്കൾക്ക് പേവിഷപ്രതിരോധ കുത്തിവെപ്പെടുക്കുമെങ്കിലും ഒരുവർഷം മാത്രമാണ് ഇതിന്റെ കാലാവധി.

തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ കൂടിയതോടെയാണ് സർക്കാർ മാസ് ഡോഗ്സ് വാക്സിനേഷൻ ആരംഭിച്ചത്. വളർത്തുനായ്ക്കൾക്ക് കൃത്യമായി വാക്സിനെടുക്കുന്നെന്ന് ഉറപ്പാക്കാനാണ് സർക്കാർ ലൈസൻസ് നിർബന്ധമാക്കിയത്. ലൈസൻസ് എടുക്കുന്നതോടൊപ്പം ചിപ്പ് ഘടിപ്പിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളും ആവിഷ്കരിച്ചിരുന്നു. ചിപ്പ് പരിശോധിച്ചാൽ നായയുടെ ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ മാത്രമാണ് ​ഇത് ഭാഗികമായെങ്കിലും നടപ്പായത്.