‘ജീവിത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, പണം കുറച്ചു ചെലവാക്കണം, വിവിധ സ്ഥലപ്പേരുകൾ’; ദുരൂഹതയുണർത്തി എലത്തൂരിൽ ട്രെയിൻ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയ പ്രതിയുടെ കുറിപ്പുകൾ


കൊയിലാണ്ടി: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ഇന്നലെ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ആക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ലഭിച്ച നോട്ടുപുസ്തകങ്ങളിലെ കുറിപ്പുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. ജീവിത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, പണം കുറച്ചു ചെലവാക്കണം, പുകയില ഉപയോഗം നിര്‍ത്തണം, വിവിധ സ്ഥലപ്പേരുകള്‍ തുടങ്ങി പരസ്പരബന്ധമില്ലാത്ത പല കാര്യങ്ങളും പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.

നോട്ട്ബുക്കിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് കുറിപ്പുകൾ എഴുതിയിരിക്കുന്നത്. രണ്ട് ഭാഷകളിലും പലകാര്യങ്ങളും എഴുതിയ നോട്ട് ബുക്ക് നനഞ്ഞതിനാല്‍ എഴുതിയത് പലതും അവ്യക്തമാണ്. ബാഗിന് സമീപത്ത് നിന്നും കണ്ടെത്തിയ നോട്ട് പാഡില്‍ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളുണ്ട്.

നോട്ട്ബുക്കിന് പുറമേ ബാ​ഗിൽ നിന്ന് ഒരു കുപ്പി പെട്രോള്‍, വസ്ത്രങ്ങള്‍, കണ്ണട, പേഴ്‌സ്, ടിഫിന്‍ ബോക്‌സ്, ഭക്ഷണം എന്നിവയാണ് ഉണ്ടായിരുന്നത്. സമീപത്തുനിന്നായി ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. ഫോണില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവ തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. നോട്ട് ബുക്കില്‍ പല തീയതികളും റെയില്‍വേ സ്റ്റേഷനുകളുടെ പേരുമുണ്ട്.

അതേസമയം യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടതായി ദൃക്‌സാക്ഷിയുടെ മൊഴി നല്‍കി. ആക്രമണത്തില്‍ പരുക്കേറ്റ് കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സ തേടിയ റാഷിക് ആണ് പ്രതിയെ കണ്ടതായി മൊഴി നല്‍കിയത്. വാഷ് ബേസിനടുത്ത് ഒരാള്‍ ഇരിക്കുന്നതായി കണ്ടു എന്നായിരുന്നു മൊഴി. അയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നു. മലയാളിയാണെന്ന് തോന്നില്ലെന്നും റാഷിക് പറഞ്ഞു. റാഷികിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.

ALSO READ- എലത്തൂരിൽ ട്രെയിനില്‍ സഹയാത്രികരെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്; തിരച്ചില്‍ വ്യാപകം

ALSO READ- ആക്രമണ ശേഷം റോഡിൽ കാത്തുനിന്ന് ബെെക്കുമായെത്തിയ ആൾക്കൊപ്പം രക്ഷപ്പെട്ടു; എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ദുരൂഹത; ആക്രമി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ കാണാം