‘വിലങ്ങാട് അനാഥമല്ല. കേരളം മുഴുവൻ കൂടെയുണ്ട്, വിലങ്ങാട് പുനർനിർമ്മിക്കാൻ പ്രത്യേക പാക്കേജ് അടുത്ത ക്യാബിനറ്റ് ചർച്ച ചെയ്യും’; ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് റവന്യു മാന്ത്രി കെ.രാജൻ


നാദാപുരം: വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ റവന്യു മന്ത്രി കെ.രാജൻ സന്ദർശിച്ചു. ‘വിലങ്ങാട് അനാഥമല്ല, മുഴുവൻ കേരളവും കൂടെയുണ്ട്. വിലങ്ങാട് പുനർനിർമ്മിക്കാൻ പ്രത്യേക പാക്കേജ് വേണ്ടിവരും’. വിലങ്ങാടിനായുള്ള സമഗ്ര പാക്കേജ് അടുത്ത ക്യാബിനറ്റ് ചർച്ച ചെയ്യുമെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധി ഇതിനായി ഉപയോഗിക്കേണ്ടി വരും. ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്, ഇ.കെ വിജയൻ എംഎൽഎ എന്നിവരുമായി കൂടിയാലോചിച്ചശേഷം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഉരുൾപൊട്ടൽ ബാധിത മേഖലകൾ സന്ദർശിച്ചശേഷം വിലങ്ങാട് പാരിഷ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി വ്യക്തമാക്കി.

ക്യാമ്പിൽ കഴിയുന്നവരെ മാറ്റുന്ന കാര്യത്തിൽ ഗ്രാമപഞ്ചായത്തുകൾ ഉടൻ നടപടി സ്വീകരിക്കണം. ബന്ധു വീടുകളിലേക്ക് മാറൽ, സ്പോൺസർ ചെയ്യുന്ന വാടക വീടുകളിലേക്ക് മാറൽ, സർക്കാർ ക്വാർട്ടേഴ്സിലേക്ക് മാറൽ, സർക്കാർ വാടക നൽകി വാടക വീടുകളിലേക്ക് മാറൽ എന്നിവ ഓരോ ഘട്ടമായി പരിശോധിക്കണം.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർക്ക് ഹിറ്റാച്ചി/ജെസിബി എന്നിവ എത്തിച്ച് വിലങ്ങാട്ടെ പുന:സ്ഥാപന പ്രവർത്തി തുടരാം. മൃഗങ്ങൾക്ക് സംഭവിച്ച നാശം സംബന്ധിച്ച് കൃത്യമായ രജിസ്റ്റർ ഉണ്ടാക്കാനും മന്ത്രി നിർദേശിച്ചു. നിയമത്തെക്കാളുപരി ദുരന്തബാധിതരോട് മനുഷത്വപൂർണമായ പെരുമാറ്റമാണ് ഉദ്യോഗസ്ഥർക്ക് വേണ്ടതെന്ന് മന്ത്രി നിർദേശിച്ചു.

യോഗത്തിൽ വകുപ്പുകൾ തിരിച്ചുണ്ടായ നാശനഷ്ടവും അതിന്റെ മതിപ്പ് മൂല്യവും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. 162 ഹെക്ടർ ഭൂമിയിൽ 11.85 കോടി രൂപയുടെ വിള നാശം മാത്രമുണ്ടായതായി കൃഷി വകുപ്പ് റിപ്പോർട്ട് ചെയ്തു. എല്ലാ വകുപ്പുകളും ക്രോഡീകരിച്ച റിപ്പോർട്ട് ശനിയാഴ്ച കളക്ടർക്ക് നൽകും.

ഇ.കെ വിജയൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.ഗവാസ്, വാണിമേൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സുരയ്യ, നാദാപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.മുഹമ്മദലി, തദ്ദേശ സ്ഥാപനങ്ങളിലെ മറ്റ് ജനപ്രതിനിധികൾ, ഫാദർ വിൻസെന്റ് മുട്ടത്തുകുന്നേൽ, ലാന്റ് റവന്യൂ കമ്മീഷണർ ഡോ. എ.കൗശികൻ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, വടകര ആർഡിഒ പി.അൻവർ സാദത്ത്, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ്.സജീദ്, വടകര തഹസിൽദാർ എം.ടി സുഭാഷ്ചന്ദ്ര ബോസ്, നാദാപുരം ഡിവൈഎസ്പി എൻ.പി ചന്ദ്രൻ, വാണിമേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ വിനോദൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.