പുതുവര്‍ഷത്തില്‍ പുതിയ മുഖവുമായി പേരാമ്പ്ര; ഗതാഗതക്കുരുക്കിന് പരിഹാരമായ ബൈപ്പാസ് ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കുമെന്ന് എം.എല്‍.എ.
പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരം. പുതുതായി നിര്‍മ്മാണം പുരോഗമിക്കുന്ന പേരാമ്പ്ര ബൈപ്പാസ് ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. ബൈപ്പാസ് നിര്‍മാണസ്ഥലം സന്ദര്‍ശിച്ച്, പുരോഗതി വിലയിരുത്തിയ ശേഷമാണ് എം.എല്‍.എ. ഇക്കാര്യം വ്യക്തമാക്കിയത്.
90 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കഴിഞ്ഞതായും ശേഷിച്ച കാര്യങ്ങള്‍ വേഗം നടപ്പിലാക്കി ഉദ്ദേശിച്ച സമയത്തിനകം കൈമാറുമെന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ബൈപ്പാസില്‍ ഏറ്റവും ഉയരംവരുന്ന ചിരുതക്കുന്ന് ഭാഗത്ത് മണ്ണെടുത്ത് മാറ്റി ടാറിങ് നടത്താനുള്ള ജോലിയാണ് പ്രധാനമായി ഇനി നടത്താനുള്ളത്. ഇവിടത്തെ മണ്ണെടുത്തുമാറ്റി മറ്റൊരിടത്ത് നിക്ഷേപിക്കണം. ഇതിന് സ്ഥലംകണ്ടെത്തി കാര്യങ്ങള്‍ ഉടന്‍ചെയ്യാന്‍ എം.എല്‍.എ. നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ അവസാനഘട്ട ടാറിങ് ഉടന്‍ നടക്കും.
റോഡിന്റെതുടക്കത്തിലും അവസാനത്തിലുമുള്ള സ്ഥലത്തിന്റെപരിമിതി പരിഹരിക്കാന്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും ബസ് സ്റ്റാന്‍ഡിലേക്ക് ബൈപ്പാസില്‍ നിന്നുള്ള പാതയുടെ വീതികൂട്ടാന്‍ നടപടിസ്വീകരിക്കുമെന്നും എം.എല്‍.എ. അറിയിച്ചു.
2021 ഫെബ്രുവരിയിലായിരുന്നു ബൈപ്പാസിന്റെ നിര്‍മാണ ഉദ്ഘാടനം. സംസ്ഥാന പാതയില്‍ കല്ലോട് എല്‍.ഐ.സി. ഓഫീസിനുസമീപത്തുനിന്ന് തുടങ്ങി കക്കാട് എത്തിച്ചേരുന്ന വിധമാണ് പാത. കിഫ്ബി പദ്ധതിയില്‍ 58.29 കോടി രൂപ ചെലവില്‍ 2.768 കിലോമീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് ബൈപ്പാസ് വരുന്നത്. ബി.എം, ബി.സി. നിലവാരത്തില്‍ ടാറിങ് നടത്തുന്ന റോഡിനുമാത്രം ഏഴുമീറ്റര്‍ വീതിവരും.
കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, വൈസ് പ്രസിഡന്റ് കെ.എം. റീന തുടങ്ങിയവരും എം.എല്‍.എ.ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കാനെത്തിയിരുന്നു.