വികസനകുതിപ്പില്‍ വടകര റെയില്‍വേ സ്‌റ്റേഷന്‍; 19 മുതല്‍ വിശാലമായ പാര്‍ക്കിങ് സൗകര്യം
വടകര: അമൃത് ഭാരത് പദ്ധതി പ്രകാരം വടകര റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ പാര്‍ക്കിങ് ഏരിയ സെപ്തംബര്‍ 19ന് തുറന്നു കൊടുക്കും. ഇതോടെ സ്റ്റേഷനിലെ പാര്‍ക്കിങ് അസൗകര്യത്തിന് പരിഹാരമാകും. ഏതാണ്ട് 3 കോടി രൂപ ചിലവിലാണ് പാര്‍ക്കിങ് ഏരിയയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയിലാണ് പുതിയ പാര്‍ക്കിങ് സ്ഥലം കട്ട പാകിയിരിക്കുന്നത്. ആര്‍എംസ് ഓഫീസിന് സമീപത്തുള്ള പാര്‍ക്കിങ് ഏരിയ പുതിയ സംവിധാനം വരുന്നതോടെ ഇല്ലാതാകും. മാത്രമല്ല പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് ഒരു കോടി 12 ലക്ഷം രൂപയ്ക്കാണ് പാര്‍ക്കിങ് ടെന്‍ഡര്‍ എടുത്തിരിക്കുന്നത്. മാത്രമല്ല പുതിയ പാര്‍ക്കിങ് ഏരിയയ്ക്ക് അടുത്തായി ഓഫീസ് ആവശ്യങ്ങള്‍ക്കായി പുതിയൊരു കെട്ടിടം കൂടി വരും. സ്റ്റേഷനില്‍ നിലവിലുള്ള ചില ഓഫീസുകളുടെ പ്രവര്‍ത്തനം പുതിയ ഓഫീസിലേക്ക് മാറ്റി, സ്‌റ്റേഷന്‍ കെട്ടിടം പൂര്‍ണമായും യാത്രക്കാരുടെ സൗകര്യത്തിനായി ഉപയോഗിക്കാനാണ് പദ്ധതി.
അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള 21.66 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ സ്റ്റേഷനില്‍ പുരോഗമിക്കുകയാണ്. കേരളീയ ശൈലിയിലുള്ള കെട്ടിടമായിരിക്കും വടകര റെയില്‍വേ സ്‌റ്റേഷന് ഇനി. ഇതിനായി സ്‌റ്റേഷന്‍ വളപ്പിലെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. പുതിയ ശുചിമുറികള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങി അടിമുടി മാറ്റങ്ങളാണ് റെയില്‍വേ സ്‌റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ 50% പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മുഴുവന്‍ പ്രവൃത്തിയും കഴിയുന്നതോടെ വടകര റെയില്‍വേ സ്‌റ്റേഷന്‍ വികസന പാതയിലാവും.
Description: The new parking area at Vadakara railway station will be opened on September 19