പേരാമ്പ്രക്കാരേ സന്തോഷ വാർത്ത; താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ കൂറ്റൻ കെട്ടിടം വരുന്നു, രൂപരേഖ പുറത്ത് വിട്ട് ടി.പി രാമകൃഷ്ണൻ എംഎൽഎ


പേരാമ്പ്ര: അത്യാധുനിക സൗകര്യങ്ങളിലൂടെ ഉയരാന്‍ പോവുന്ന പേരാമ്പ്ര താലൂക്കാശുപത്രിയുടെ പുതിയ രൂപരേഖ പുറത്തുവിട്ടു. പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് രൂപരേഖ പുറത്തു വിട്ടത്.

56 കോടിയുടെ കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. പുതിയതായി നിർമ്മിക്കുന്ന ആശുപത്രിയില്‍ 90,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ 7 നില കെട്ടിടമാണ് ഒരുക്കുക. ഇതില്‍ റിസപ്ഷന്‍, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് പ്രധാനമായും സജ്ജീകരിക്കുക.

ഗ്രൗണ്ട് ഫ്‌ളോറിന് താഴെയുള്ള നിലയില്‍ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷന്‍, എംജി പിസി ബാറ്ററി റൂം, ലാബ്, മോര്‍ച്ചറി തുടങ്ങിയവയായിരിക്കും. ഗ്രൗണ്ട് ഫ്‌ളോറില്‍ ക്വാഷാലിറ്റി, ട്രയാജ്, ഒബ്‌സര്‍വേഷന്‍ റൂം, പ്രൊസീജിയര്‍ റൂം, മൈനര്‍ ഒ.ടി, സി.ടി സ്‌കാന്‍, എക്‌സറേ, ഡയാലിസിസ് എന്നിവ സജ്ജീകരിക്കും.

ഒന്നാം നിലയില്‍ വാര്‍ഡുകള്‍, എ.എച്ച് റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, എന്‍.ഐ.സി.യു, രണ്ടാം നിലയില്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ റൂം, പ്രൊസീജിയര്‍ റൂം, മൂന്നാം നിലയില്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ റൂം, മെഡിക്കല്‍ ഐ.സി.യു തുടങ്ങിയവയും നാലാം നിലയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍, പി ഒ.പി. റൂമുകള്‍, വാര്‍ഡുകള്‍, അനസ്‌തേഷ്യ റൂം എന്നിങ്ങനെയുമാണ് ഒരുക്കുക. അഞ്ചാം നിലയില്‍ അലക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തിയുമാണ് പുതിയ രൂപരേഖ.

ദിനം തോറും നിരവധി രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി എത്രയും പെട്ടന്ന് ഉയരുമെന്ന വിശ്വാസത്തിലാണ് നാട്ടുകാരും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനമെന്നാണ് എം.എല്‍.എയും അറിയിക്കുന്നത്.

summary: the new layout of perambra taluk hospital has been released