മത്തിയുണ്ട്, അയലയുണ്ട്, കാണാന്‍ നല്ല വൃത്തിയുമുണ്ട്; നവീകരിച്ച പേരാമ്പ്രയിലെ മത്സ്യമാര്‍ക്കറ്റില്‍ കച്ചവടം പൊടി പൊടിക്കുന്നു!


പേരാമ്പ്ര: നവീകരണ പ്രവൃത്തികള്‍ക്കുശേഷം ഇന്നലെ ഉദ്ഘടനം കഴിഞ്ഞ പേരാമ്പ്രയിലെ പുതിയ മത്സ്യമാര്‍ക്കറ്റില്‍ കച്ചവടം ആരംഭിച്ചു. ഒരേസമയം അന്‍പതുപേര്‍ക്ക് മത്സ്യവില്‍പ്പന നടത്താനുള്ള സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടമൊരുക്കിയിരിക്കുന്നത്.

മേല്‍ക്കൂര ഷീറ്റിട്ട് നിര്‍മിച്ച വിശാലമായ ഹാളും മേല്‍ക്കൂര വാര്‍പ്പുള്ള എട്ട് മുറികളും മാര്‍ക്കറ്റിനകത്തുണ്ട്.മത്സ്യം വെക്കാന്‍ കോണ്‍ക്രീറ്റ് സ്ലാബും സ്ലാബിന് താഴെ മലിനജലം ഒലിച്ചുപോകാന്‍ ചാലുകളും ഒരുക്കിയിട്ടുണ്ട്.

പേരാമ്പ്ര ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി ഏകദേശം 80 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പഴയ കെട്ടിടം പൊളിച്ചാണ് പുതിയ മാര്‍ക്കറ്റ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

summary: the new fish market at the renovated perambra has started trading