മൂന്നു നിലകളിലായി ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം, മുഖച്ഛായ മാറ്റി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: മൂന്നു നിലകളിലായി ലിഫ്റ്റ് ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി നിര്‍വഹിച്ചു. സ്‌കൂളിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം വടകര എംപി കെ.മുരളീധരനും സ്‌കൂള്‍ ഗ്രൗണ്ടിന്റെ നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണനും നിര്‍വഹിച്ചു.

ചടങ്ങില്‍ മാനേജര്‍ എ കെ കരുണാകരന്‍ നായര്‍, എന്‍ജിനിയര്‍ അരവിന്ദന്‍, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രാജീവന്‍ മമ്മിളി, കബഡി പരിശീലകരായ മിഥുന്‍ ലാല്‍, ബല്‍ജിത്ത്, അക്ഷയ് ദേശീയ സ്‌കൂള്‍ കബഡി ടീം അംഗം യാസര്‍ അറാഫത്ത്, ഗീത ശര്‍മ്മ, മജീഷ് കാരയാട് എന്നിവരെ ആദരിച്ചു.

സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂര്‍ ജില്ലാ കളക്ടറുമായ ബിജിന്‍ കൃഷ്ണ ഐഎസ്, രമേശ് കാവില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
എസ്.എസ്.എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 164 വിദ്യാര്‍ത്ഥികള്‍ക്കും, ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ 60 വിദ്യാര്‍ത്ഥികള്‍ക്കും, സംസ്ഥാന സ്‌കൂള്‍ കലാ ശാസ്ത്ര മേളകളിലെ ജേതാക്കളായ 55 പേര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.


തുടര്‍ന്നു നടന്ന കലാസായാഹ്നം ലിധി ലാല്‍ [ജാനു വേടത്തി ഫെയിം] ഉദ്ഘാടന ചെയ്യ്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും, രക്ഷിതാക്കളുടെയും കലാപരിപാടികള്‍, അജയ് ഗോപാല്‍ നയിക്കുന്ന ഗാനമേള എന്നിവ അരങ്ങേറി.