ഇനി വായനയും ചര്‍ച്ചകളും കൂടുതല്‍ സൗകര്യത്തോടെ; മണിയൂര്‍ പാലയാട് നടയിലെ ദേശീയ വായനശാലയുടെ പുതിയ കെട്ടിടം ഡിസംബറില്‍ തുറന്ന് പ്രവര്‍ത്തിക്കും, ഉദ്ഘാടനത്തിന് വിപുലമായ പരിപാടികള്‍
വടകര: മണിയൂര്‍ പഞ്ചായത്തിലെ പാലയാട് കഴിഞ്ഞ 41 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേശീയ വായനാശാല ആന്റ് ഗ്രന്ഥാലയം അടിമുടി മാറാനൊരുങ്ങുന്നു. കുറ്റ്യാടി എംഎല്‍എ കെ.കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഡിസംബര്‍ മാസത്തില്‍ നടക്കും. പരിപാടിയുടെ ഭാഗമായി പാലയാട് എല്‍.പി സ്‌ക്കൂളില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപികരണ യോഗത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തു.
ഉത്ഘാടനത്തിന്റെ ഭാഗമായി പാലയാട് നടയിൽ ‘ഗ്രാമോത്സവം 2024’ എന്ന പേരിൽ വിവിധ പരിപാടികൾ നടത്താൻ യോഗത്തില്‍ തീരുമാനമായി. ഒക്ടോബര്‍ 31ന് പാലയാട് എല്‍പി സ്‌ക്കൂളില്‍ എഐ സാധ്യതകള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള പരിശീലനം, ബോധവല്‍ക്കരണ ക്ലാസ്, നവംബര്‍ 17ന് പാലയാട് എല്‍പി സ്‌ക്കൂളില്‍ കൊയിലാണ്ടി എ.എസ്.ഐ ജമീലാ റഷീദ് നയിക്കുന്ന സ്ത്രീ സുരക്ഷ സംവാദ പരിപാടി, നവംബര്‍ 24ന് ഒഎന്‍വി വായനശാല പരിസരത്ത് മുന്‍കാല പ്രവര്‍ത്തകരുടെ ഒത്തുചേരലും സാഹിത്യ സദസും, ഡിസംബര്‍ 8ന് തെയ്യുള്ളതില്‍ ക്ഷേത്ര പരിസരത്ത് വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരുടെ സംഗമമായ നാടറിയുക നാട്ടാരെ അറിയുക പരിപാടി, ഡിസംബര്‍ 28ന് കലാസന്ധ്യ എന്നിവ നടക്കും.
തുടര്‍ന്ന് ഡിസംബര്‍ 29ന് പുതിയ കെട്ടിടം എംഎല്‍എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ശേഷം രാത്രിയില്‍ നവരസ മ്യൂസിക് ബാന്റിന്റെ സംഗീത അരങ്ങേറും. കൂടാതെ നാട്ടുകാരുടെ കഥ, കവിത, ലേഖനങ്ങൾ, അനുഭവങ്ങൾ, വര, നാട്ടു ചരിത്രം എന്നിവ ഉൾപ്പെടുത്തി ഒരു സ്മരണികയും പുറത്തിറക്കുന്നതാണ്. പരിപാടിയുടെ വിജയത്തിനായി ഇ നാരായണൻ മാസ്റ്റർ ചെയര്‍മാനായും കെ.കെ രാജേഷ് ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു.
Description: The new building of the National Library at Maniyur Palayad Nata will be inaugurated in December