ദിവസങ്ങളുടെ കാത്തിരിപ്പ്, ആശങ്ക..ഒടുവില്‍ ആശ്വാസം; തൊഴിൽത്തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികള്‍ നാട്ടിലെത്തി
വടകര: തൊഴില്‍ തട്ടിപ്പിനിരയായി കംബോഡിയയില്‍ കുടുങ്ങിയ വടകര സ്വദേശികള്‍ ഉള്‍പ്പെടെയുള്ള എഴ് യുവാക്കള്‍ നാട്ടില്‍ തിരിച്ചെത്തി. മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗളൂരു സ്വദേശി റോഷൻ ആന്റണി എന്നിവരാണ് തിരിച്ചെത്തിയത്. മണിയൂര്‍ സ്വദേശികളായ അഞ്ച് യുവാക്കള്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് നാട്ടിലെത്തിയത്.
ഞായറാഴ്ച രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ഇവർ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി തൊഴിൽ തട്ടിപ്പ് സംബന്ധിച്ച് വിശദമായ മൊഴി നൽകിയ ശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. ഒക്ടോബർ 4നാണ് സുഹൃത്ത് മുഖേന യുവാക്കൾ കംബോഡിയയിൽ എത്തിയത്. തായ്‌ലൻഡിലെ ജോലി വാഗ്ദാനം വിശ്വസിച്ച് യുവാക്കൾ വിമാനം കയറുകയായിരുന്നു. എന്നാൽ കംബോഡിയയിലെ സൈബർ തട്ടിപ്പ് കേന്ദ്രത്തിലാണ് യുവാക്കളെ എത്തിച്ചത്.
തുടര്‍ന്ന് ഇവരോട് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും മറ്റുമാണ് കമ്പനി നിർദേശിച്ചത്. ഇതു നിരസിച്ചതോടെ യുവാക്കളെ തടവിലാക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇവിടെ നിന്നും മറ്റൊരു കമ്പനിയിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഇവർ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സംഘം ഇന്ത്യന്‍ എംബസിയിലേക്ക് പോയതും നാട്ടിലേക്ക് വരാനുള്ള വഴി തെളിഞ്ഞതും.
Description: The natives of Vadakara, who were trapped in Cambodia due to employment fraud, have returned home