വടകരയിലെ കടവരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, സുഹൃത്ത് കൊന്നത് ഭിക്ഷയാചിച്ച് കിട്ടിയ പണം തട്ടാൻവേണ്ടി; 2024ൽ വടകരയെ ‍ഞെട്ടിച്ച കൊലപാതകം


വടകര: 2024 സെപ്തംബർ 18 ന് വടകര ഉണർന്നത് അഞ്ജാതനായ വയോധികന്റെ മരണവാർത്ത കേട്ടായിരുന്നു. വടകരയിൽ ഭിക്ഷയാചിച്ച് ജീവിച്ചിരുന്ന വയോധികനാണ് മരിച്ചത്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കടവരാന്തയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വയോധികന്റെ കഴുത്തിൽ തുണി ചുറ്റിയ നിലയിലായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ സംശയം തോന്നിയ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബസ് സ്റ്റാൻഡിലുംമറ്റും കിടന്നുറങ്ങുന്ന സജിത്തും ഒപ്പംതാമസിക്കുന്ന റംല എന്ന സ്ത്രീയും 17-ന് പകൽ വയോധികന് ഒപ്പമുണ്ടായിരുന്നതായി പോലിസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവശേഷം കാണാതായവരുടെ കൂട്ടത്തിൽ പോലീസ് സജിത്തിനെയും അന്വേഷിച്ചിരുന്നു. ഇയാൾ മാഹിയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. രണ്ടുതവണ ചോദ്യംചെയ്തശേഷം വിട്ടയച്ചു. കൂടെ റംലയെയും ചോദ്യംചെയ്തിരുന്നു. തുടർന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. പിന്നീട് കൊയിലാണ്ടി ചേമഞ്ചേരി നാറാണത്ത് സജിത്ത് എന്ന നായർ സജിത്തിനെ അറസ്റ്റ് ചെയ്തു.

അഞ്ജാതനായ വയോധികന്റെ കൈവശം പണമുണ്ടെന്ന് മനസ്സിലാക്കിയ സജിത്ത് 17 ന് രാത്രി 10.30-ഓടെ ഇയാൾ ഉറങ്ങുന്ന കടവരാന്തയിലെത്തി. ഒന്നിച്ച് മദ്യപിച്ചശേഷം പണം കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും വയോധികൻ എതിർത്തതോടെ പുതപ്പിൽനിന്ന് തുണി കീറി കഴുത്തിൽ ചുറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

വയോധികനിൽ നിന്ന് കിട്ടിയ പണവുമായി പിറ്റേന്നു രാവിലെ സജിത്ത് മാഹിയിലേക്ക് പോയി മദ്യപിച്ചു. ശേഷം ഉള്ളാൾ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ താമസിച്ചു. തിരിച്ച് മാഹിയിലെത്തിയപ്പോഴാണ് പോലിസിന്റെ പിടയിലാകുന്നത്. കടന്ന് പോകുന്ന വർഷം വടകരയിൽ നടന്ന ഏക കൊലപാതകമാണിത്. കൊല്ലപ്പെട്ട വയോധികനെ തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കൾ അന്വേഷിച്ചെത്തുമെന്ന് കരുതി പോലിസ് ഫോട്ടോ ഉൾപ്പെടുന്ന അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ മാസങ്ങൾ കടന്ന് പോയിട്ടും ഇയാളെ തിരഞ്ഞ് ആരും എത്തിയില്ല.

 

വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സജിത്തിനെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ.മാരായ ഇ. പ്രകാശൻ, മനോജ് രാമത്ത്, എ.എസ്.ഐ.മാരായ ഷാജി, വിനീഷ്, സി.പി.ഒ.മാരായ ടി.കെ. സൂരജ്, എം.ടി.കെ. ശ്രീജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.