എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി അബ്ദുൾ സനൂഫ് ചെന്നൈയിൽ പിടിയിൽ


കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലെ പ്രതി തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് പോലീസ് പിടിയില്‍. ചെന്നൈയിലെ ആവഡിയില്‍വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍നിന്ന് മുങ്ങിയ ഇയാള്‍ വേഷം മാറി ആവഡിയിലെ ലോഡ്ജില്‍ താമസിച്ചുവരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായതെന്നാണ് വിവരം. ഇയാളെ വൈകാതെ കോഴിക്കോട്ട് എത്തിക്കും.

കൊലപാതകത്തിന് ശേഷം കാറില്‍ പാലക്കാടെത്തിയ പ്രതി ഇവിടെനിന്ന് അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടിലും കര്‍ണാടകയിലും സനൂഫിനായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. പൊലീസ് മൂന്നു സംഘമായാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്. സനൂഫ് ബെംഗളൂരു മജസ്റ്റിക്കിൽ നിന്ന് സുഹൃത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബെംഗളൂരുവിലെത്തിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24-ാം തീയതി രാത്രി 11 മണിയോടെയാണ് മൂന്ന് ദിവസത്തേക്ക് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിളിച്ചപ്പോള്‍ ഉണരാത്തതിനാല്‍ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സനൂഫ് ലോഡ്ജില്‍ കൊടുത്ത ഫോണ്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, സനൂഫ് ഉപയോഗിച്ച കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു. വണ്ടിയുടെ നമ്പര്‍ കണ്ടാണ് തിരിച്ചറിഞ്ഞത്. സനൂഫിന്റെ പേരില്‍ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. എന്നാല്‍ വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം.

The murder of the young woman at the lodge in Eranjipalam; Accused Abdul Sanuf arrested in Chennai