എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടെന്ന് സൂചന; രക്ഷപ്പെട്ടത് സുഹൃത്തിന്റെ കാറില്‍
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ പ്രതി അബ്ദുൽ സനൂഫ് കേരളം വിട്ടെന്നും ബെംഗളൂരുവിൽ ഉണ്ടെന്നും പൊലീസ് നിഗമനം. കർണാടകയിൽ അബ്ദുൽ സനൂഫിന് വേണ്ടി പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സുഹൃത്തിന്റെ കാറിലാണ് ഇയാള്‍ രക്ഷപ്പെട്ടത് എന്നാണ് വിവരം. സുഹൃത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇയാൾക്ക് പാസ്‌പോര്‍ട്ട് ഇല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബുധനാഴ്ചയാണ് പോലീസ് സ്ഥിരീകരിച്ചത്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് യുവതിക്കൊപ്പം ലോഡ്ജില്‍ ഉണ്ടായിരുന്ന തൃശ്ശൂര്‍ തിരുവില്ല്വാമല തലപ്പള്ളി സ്വദേശി അബ്ദുള്‍ സനൂഫിനായി പോലീസ് ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24-ാം തീയതി രാത്രി 11 മണിയോടെയാണ് മൂന്ന് ദിവസത്തേക്ക് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിളിച്ചപ്പോള്‍ ഉണരാത്തതിനാല്‍ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സനൂഫ് ലോഡ്ജില്‍ കൊടുത്ത ഫോണ്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, സനൂഫ് ഉപയോഗിച്ച കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു. വണ്ടിയുടെ നമ്പര്‍ കണ്ടാണ് തിരിച്ചറിഞ്ഞത്. സനൂഫിന്റെ പേരില്‍ ഫസീല ഒറ്റപ്പാലത്ത് നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. എന്നാല്‍ വീണ്ടും അയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം.
Description: The murder of a young woman in a lodge in Eranjipalam; It is indicated that the accused has left Kerala