വടകരയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു: അന്യസംസ്ഥാന തൊഴിലാളി ആണെന്ന് സൂചന


വടകര: വടകരയില്‍ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

സിസിടിവി ദൃശ്യം പുറത്തുവിട്ടതിന് പിന്നാലെ ചിലര്‍ നല്‍കിയ വിവരങ്ങളാണ് പ്രതിയെ തിരിച്ചറിയാന്‍ പോലീസിന് സഹായകമായത്. ഇയാള്‍ വടകരയില്‍ മത്സ്യബന്ധന തൊഴിലാളിയായി ജോലി ചെയ്തിരുന്നതായും ഒന്നിലേറെ ഭാഷകള്‍ അറിയുന്ന ആളാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളി ആണെന്ന സംശയത്തിലാണ് പോലീസ് .

കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് രാജനെ സ്വന്തം കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജന്റെ മുഖത്ത് മര്‍ദനമേറ്റ പാടുണ്ടായിരുന്നു. മുറിക്കുള്ളില്‍ മല്‍പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായതായും പൊലീസ് പറഞ്ഞു. മുറിയില്‍ ഫാനും കസേരയും മറിഞ്ഞ് കിടന്നിരുന്നു. രാജനൊപ്പം രാത്രി കടയില്‍ നീലക്കുപ്പായമിട്ട ഒരാള്‍ ഉണ്ടായിരുന്നതായി സമീപത്തെ കടയുടമ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചും അന്വേഷണം തുടരുന്നുണ്ടായിരുന്നു.

സമീപത്ത് നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. രാജന്റെ മൂന്ന് പവനോളം വരുന്ന സ്വര്‍ണമാലയും മോതിരവും ബൈക്കും കടയില് നിന്ന് പണവും നഷ്ടപ്പെട്ടിട്ടുണ്ട്.കേസില്‍ ഇരുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രാജനെ അറിയാവുന്നയാളാണ് കൊല നടത്തിയതെന്ന തരത്തില്‍ നേരത്തേ സൂചനകളുണ്ടായിരുന്നു. ഇദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നവരെയും ഫോണില്‍ വിളിച്ചവരെയും വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തവരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.