നിയമങ്ങള്‍ കാറ്റില്‍പ്പറത്തി തങ്കമല ക്വാറിയില്‍ നിന്ന് ലോഡുമായി വാഹനങ്ങളുടെ സഞ്ചാരം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഭീഷണി; നടപടി വേണമെന്നാവശ്യവുമായി ഇരിങ്ങത്ത് കൊറവട്ട നിവാസികൾ
ഇരിങ്ങത്ത്: തുറയൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിൽ ഉൾപ്പെട്ട കൊറവട്ട ഭാഗത്തു കൂടെയുള്ള ടിപ്പർ ലോറികളുടെ യാത്ര കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണി ഉയർത്തുന്നതായി പരാതി. സ്കൂൾ സമയങ്ങളിൽ നിയമങ്ങൾ ലംഘിച്ചുള്ള ലോറികളുടെ സർവ്വീസാണ് നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നത്. പ്രദേശത്ത് സ്ഥിതിചെയുന്ന തങ്കമല ക്വാറിയിലേക്കും തിരിച്ചുമാണ് നിയമങ്ങൾ കാറ്റിൽ പറത്തി ലോറികൾ സർവ്വീസ് നടത്തുന്നതെന്നും ഇതിനെതിരെ അധീകൃതർ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. യാതൊരു വിധ സമയക്രമവും പാലിക്കാതെ നിരവധി വലിയ വാഹനങ്ങളാണ് ഓവര്‍ ലോഡുമായി ദിനം പ്രതി ഇതുവഴി കടന്നു പോവുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
പത്ത് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ എട്ട് മീറ്ററില്‍ കുറഞ്ഞ വീതിയുള്ള റോഡിലൂടെ പോകുന്നത് നിരോധിച്ചിട്ടുള്ളതാണ്. എന്നിട്ടും കഷ്ട്ടിച്ച് ആറ് മീറ്റര്‍ മാത്രം വീതിയുള്ള കനാല്‍ റോഡിലൂടെ സ്‌കൂള്‍ കുട്ടികള്‍ പോവുന്ന സമയത്ത് പോലും നിരനിരയായി കടന്നുപോകുന്നുണ്ട്. പല സ്കൂളുകളിലാണ് പ്രദേശത്തെ വിദ്യാർത്ഥികൾ പഠിക്കുന്നത്. രാവിലെയും വൈകുന്നേരവുമായി 15 ഓളം സ്‌കൂള്‍ ബസുകള്‍ പ്രദേശത്തുകൂടെ കടന്നുപോവാറുണ്ട്. എന്നാൽ ഒരു നിയന്ത്രണവുമില്ലാതെയുള്ള ടിപ്പർ ലോറികളുടെ സഞ്ചാരം അപകടത്തിനിടയാക്കാൻ സാധ്യതയുള്ളതായി അവർ പറയുന്നു.
രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ 5 വരെയും ടിപ്പർ ലോറികൾ പോകുന്നതിന് നിയന്ത്രണമുണ്ട്. സ്കൂളിലേക്കും തിരിച്ചും കുട്ടികൾ പോകുന്ന സമയങ്ങളിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥികൾക്ക് അപകടങ്ങൾ സംഭവിക്കുന്നത് വർദ്ധിച്ചതിനാലാണ് ഇത്തരത്തിൽ നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ സമയ നിയന്ത്രണം നിലനിൽക്കെ അത് വകവെക്കാതെയാണ് ക്വാറിയിൽ നിന്നും തിരിച്ചും ലോറികൾ പോകുന്നത്. ഇത്തരം വാഹനങ്ങള്‍ക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
പ്രശ്നം പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു. അമിത ഭാരവുമായി ലോറികൾ സർവീസ് നടത്തുന്നത് കാരണം പലഭാഗങ്ങളിലും റോഡ് ശോചനീയാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും കൂട്ടിച്ചേർത്തു. എത്രയും പെട്ടന്ന് ബന്ധപ്പെട്ട അധികാരികൾ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
summary: the movement of lorries to the quarry by ignore the rules is a threat to school students